മദ്യലഹരിയില്‍ യുവാവായ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി

ഭാര്യമാരുടെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ യുവാക്കള്‍ തമ്മില്‍ അടിപിടി. മദ്യലഹരിയില്‍ യുവാവായ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ (സി.എം.സി.എച്ച്) പ്രസവവാര്‍ഡിന് മുന്നിലാണ് സംഭവം നടന്നത്. വിരുദാചലം സ്വദേശി എസ്.വിജയ്(29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നീലിക്കോണപാളയം സ്വദേശി വി.വിഘ്‌നേഷിനെ(23) റേസ് കോഴ്‌സ് പൊലീസ് പിടികൂടി.
വിജയ്‌യുടെയും വിഘ്‌നേഷിന്റെയും ഭാര്യമാരുടെ പ്രസവത്തിനായാണ് ഇരുവരും ആശുപത്രിയില്‍ എത്തിയത്. പിന്നാലെ ഇരുവരും സുഹൃത്തുക്കളായി. വിഘ്‌നേഷിന്റെയും വിജയ്‌യുടെയും ഭാര്യമാര്‍ ഒരേ വാര്‍ഡിലായിരുന്നു. ആശുപത്രി സമീപത്തെ ബാറിലെത്തി വിഘ്‌നേഷും വിജയ്‌യും മദ്യപിക്കുന്നത് പതിവായിരുന്നു. മദ്യപിച്ച ശേഷം വിജയ് വിഘ്‌നേഷുമായി വഴക്കിടുന്നതും സ്ഥിരമായിരുന്നു. തന്റെ മുന്നിലായി നടന്നാല്‍ കൊന്നുകളയുമെന്ന് വിജയ് ഭീഷണിമുഴക്കുകയും ചെയ്തു.
ഒക്ടോബര്‍ 11ന് മദ്യലഹരിയില്‍ വിജയ് വിഘ്‌നേഷിനെ മര്‍ദിച്ചു. പ്രസവം കഴിഞ്ഞതോടെ ഒക്ടോബര്‍ 13നാണ് വിഘ്‌നേഷിന്റെ ഭാര്യ ആശുപത്രി വിട്ടത്. എന്നാല്‍,തല്ലിയതിന്റെ പകവീട്ടാനായ് വിഘ്‌നേഷ് ജോലി ചെയ്യുന്ന കശാപ്പുശാലയിലെ കത്തിയുമായി വെള്ളിയാഴ്ച രാത്രി ആശുപത്രിയിലെത്തി. പ്രസവവാര്‍ഡിന് സമീപം ഉറങ്ങുകയായിരുന്ന വിജയ്‌യെ പുറത്തേക്ക് വിളിക്കുകയും എന്നാല്‍ വിജയ് വരാന്‍ വിസമ്മതിക്കുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരന്‍ പ്രതിയെ വാര്‍ഡില്‍നിന്ന് തിരിച്ചയക്കാന്‍ ശ്രമിക്കുന്നതിനിടെ വിജയ് സമീപത്തുണ്ടായിരുന്ന ഒരു പിവിസി പൈപ്പ് ഉപയോഗിച്ച് വിഘ്‌നേഷിനെ ആക്രമിച്ചു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും വിഘ്‌നേഷ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് വിജയ്‌യെ കുത്തുകയും ചെയ്തു. നെഞ്ചിലും കഴുത്തിലും വയറിലുമായി 12 തവണ വിജയെ കുത്തി. സംഭവസ്ഥലത്ത് തന്നെ വിജയ് മരിച്ചു. പ്രതിയായ വിഘ്‌നേഷിനെ സുരക്ഷാജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്നവരും പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha