വായു മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് പരീക്ഷണം കഴിഞ്ഞു

തലസ്ഥാനത്തെ വായു മലിനീകരണം തടയാന്‍ കൃത്രിമമായി മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. കാണ്‍പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ബുരാരി, നോര്‍ത്ത് കരോള്‍ ബാഗ്, ഭോജ്പൂര്‍, മയൂര്‍ വിഹാര്‍, സഡക്പൂര്‍ പ്രദേശങ്ങളില്‍ ക്ലൗഡ് സീഡിംഗ് നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹിക്ക് മുകളിലുള്ള മേഘങ്ങളില്‍ 15 മുതല്‍ 20 ശതമാനം വരെ അളവില്‍ ഈര്‍പ്പം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈകുന്നേരം 5 നും 6 നും ഇടയില്‍ നഗരത്തില്‍ മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നായിരുന്നു കണക്കുകൂട്ടല്‍.
ശൈത്യകാലത്ത് വഷളാകുന്ന വായുവിന്റെ ഗുണനിലവാരം പരിഹരിക്കുന്നതിനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ തന്ത്രത്തിന്റെ ഭാഗമാണിത്. ബുരാരിയിലും സര്‍ക്കാര്‍ ഈ പരീക്ഷണം നടത്തിയിരുന്നു. കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന സംയുക്തങ്ങളായ സില്‍വര്‍ അയോഡൈഡും സോഡിയം ക്ലോറൈഡും വിമാനത്തില്‍ നിന്ന് ചെറിയ അളവില്‍ പുറത്തുവിട്ടു. എന്നാല്‍, അന്തരീക്ഷ ഈര്‍പ്പം ആവശ്യമായ അളവിനും താഴെ ആയതിനാല്‍ മഴ പെയ്യിക്കാന്‍ കഴിഞ്ഞില്ല. ദേശീയ തലസ്ഥാനത്തിന് ക്ലൗഡ് സീഡിംഗ് ഒരു ആവശ്യകതയാണെന്നും നഗരത്തിന്റെ നിരന്തരമായ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാന്‍ ഈ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
മഴ പെയ്യിക്കാന്‍ മേഘങ്ങളിലേക്ക് സില്‍വര്‍ അയഡൈഡ് അല്ലെങ്കില്‍ ഉപ്പ് കണികകള്‍ പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് കാലാവസ്ഥയില്‍ മാറ്റം ഉണ്ടാക്കുന്ന കൃത്രിമപ്രക്രിയയാണ് ക്ലൗഡ് സീഡിംഗ്. ഈ കണികകള്‍ ന്യൂക്ലിയസുകളായി പ്രവര്‍ത്തിക്കുന്നു, ഈര്‍പ്പം ഘനീഭവിക്കുകയും ഒടുവില്‍ മഴത്തുള്ളികള്‍ രൂപപ്പെടുകയും ചെയ്യുന്നു. മഴ പെയ്യിക്കാനും അതിലൂടെ വായുവിലെ മാലിന്യങ്ങള്‍ നീക്കി ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ രീതി സഹായിക്കും. എന്നാല്‍, ഈ പരീക്ഷണം വിജയിക്കുന്നതിന് അന്തരീക്ഷത്തില്‍ ആവശ്യമായ ഈര്‍പ്പം ആവശ്യമാണ്.
https://www.facebook.com/Malayalivartha
























