ഡല്‍ഹി വിമാനത്താവളത്തിലെ ബസിന് തീപിടിച്ചു

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3ന് സമീപം നിര്‍ത്തിയിട്ടിരുന്ന ഒരു ബസിന് തീപിടിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കമ്പനിയായ AISATS-ന്റേതാണ് ബസ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ടെര്‍മിനല്‍ 3ന്റെ എയര്‍സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സിഎന്‍ജി ഉപയോഗിച്ച് ഓടുന്ന യാത്രക്കാരെ കയറ്റുന്ന ബസിനാണ് പെട്ടെന്ന് തീപിടിച്ചത്. തീപിടിത്ത സമയത്ത് ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അപകടം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ വിമാനത്താവളത്തിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സ്ഥലത്തെത്തി മിനിറ്റുകള്‍ക്കകം തീ നിയന്ത്രണ വിധേയമാക്കി. സമീപത്തുണ്ടായിരുന്ന വിമാനത്തിനോ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
തീ പിടിച്ച വിവരം പോലീസ് സ്‌റ്റേഷനില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഡിസിപി ഐജിഐ വിചിത്ര വീര്‍ പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങള്‍, ലോക്കല്‍ പോലീസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മറ്റ് ഏജന്‍സികളോടൊപ്പം ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. തീപിടിച്ച സമയത്ത് ഡ്രൈവര്‍ മാത്രമാണ് ബസിനുള്ളില്‍ ഉണ്ടായിരുന്നതെന്നും, ആര്‍ക്കും പരിക്കുകളില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ വാഹനത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ എയര്‍ ഇന്ത്യയുടെ വിമാനത്തിന് തൊട്ടടുത്ത് ബസ് കത്തുന്നത് കാണാമായിരുന്നു.
https://www.facebook.com/Malayalivartha
























