ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ സ്‌പോട്ട് ബുക്കിംഗ് കുറച്ചു

ശബരിമലയിലെ സ്‌പോട്ട് ബുക്കിംങില്‍ നിയന്ത്രണെ. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി സ്‌പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചിരിക്കുകയാണ്. തിങ്കളാഴ്ച വരെയായിരിക്കും നിയന്ത്രണം. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് ദേവസ്വം ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം സംബന്ധിച്ചുളള ഒരുക്കങ്ങള്‍ കൃത്യമായി നടത്താത്തതില്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നിയന്ത്രണമില്ലാതെ നടത്തിയ സ്‌പോട്ട് ബുക്കിംഗാണ് ശബരിമലയില്‍ തിരക്ക് അനിയന്ത്രിതമാക്കിയത്. ഇതോടെ, ഇന്നുമുതല്‍ സ്‌പോട്ട് ബുക്കിംഗ് 20,000 ആയി കുറച്ചിരുന്നു. പമ്പയില്‍ സ്‌പോട്ട് ബുക്കിംഗിന്റെ തിരക്ക് ഒഴിവാക്കാന്‍ നിലയ്ക്കലില്‍ ഏഴ് കൗണ്ടറുകള്‍ കൂടി തുറക്കാനും തീരുമാനമായി.എന്നാല്‍, തിരക്ക് പൂര്‍ണമായി നിയന്ത്രണ വിധേയമാവാനായി തിങ്കളാഴ്ച വരെ ദിവസവും 5,000 സ്‌പോട്ട് ബുക്കിംഗ് അനുവദിക്കാനാണ് ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ നിര്‍ദേശം.
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിനുപുറമെ ശുചിമുറി സൗകര്യത്തിന്റെ കാര്യത്തിലടക്കം വിമര്‍ശനം ഉയരുന്നുണ്ട്. 'നിലയ്ക്കല്‍ മുതല്‍ സന്നിധാനവും പതിനെട്ടാം പടിയും അടക്കമുള്ള സ്ഥലങ്ങള്‍ ഇത്തരത്തില്‍ അഞ്ചോ ആറോ ആയി തിരിക്കണം. ഓരോ സ്ഥലത്തും ഒരേസമയം എത്ര പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തീരുമാനിക്കണം. ഇതിനായി ഒരു വിദഗ്ധ സംഘത്തെ രൂപപ്പെടുത്തണം. ഇത് സാധാരണ ഉത്സവം നടത്തുന്ന രീതിയില്‍ പറ്റില്ല. മാസങ്ങള്‍ക്ക് മുന്‍പുതന്നെ ഒരുക്കങ്ങള്‍ തുടങ്ങണം.
പൊലീസിന് ആളുകളെ നിയന്ത്രിക്കാന്‍ മാത്രമേ പറ്റൂ. കാര്യങ്ങള്‍ ശാസ്ത്രീയമായി തീരുമാനിക്കാന്‍ സംവിധാനം ഉണ്ടാവണം. കുഞ്ഞുങ്ങളടക്കമാണ് അവിടെ ബുദ്ധിമുട്ടുന്നത്. അതിന് പരിഹാരമുണ്ടാകണം. ഉള്‍ക്കൊള്ളാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് ഇത്രയുമധികം ആളുകളെ പ്രവേശിപ്പിക്കുന്നത്? ഇത്ര വലിയ തിരക്കുമൂലം അപകടങ്ങളുണ്ടാകാം. ശബരിമലയില്‍ എത്തുന്നവരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കാനാവില്ല. അവര്‍ ഭക്തരാണ്. അതുകൊണ്ടുതന്നെ അവര്‍ വരും. അവിടെ ഒരുക്കങ്ങള്‍ നടത്തേണ്ടത് ഉത്തരവാദിത്തപ്പെട്ടവരാണ്. ഇത്രയധികം ആളുകള്‍ വരുന്ന ഉത്സവ കാലത്തെ ഒരുക്കങ്ങള്‍ക്കായി ആവശ്യമായ ഏകോപനമുണ്ടായിട്ടില്ല'കോടതി വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha

























