പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തി; താല്‍പര്യമില്ലെന്ന് പറഞ്ഞ 17കാരിയെ കുത്തിക്കൊലപ്പെടുത്തി

രാമേശ്വരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയില്‍ ശാലിനി (17) ആണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയാണ് സംഭവം. കുറച്ചു നാള്‍ മുന്‍പ് പ്രദേശവാസിയായ മുനിരാജ് ശാലിനിയുടെ പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. താല്‍പര്യമില്ലെന്ന് ശാലിനി അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച യുവാവ് വീണ്ടും ശല്യപ്പെടുത്തിയതോടെ പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുനിരാജിനെ ശാലിനിയുടെ പിതാവ് മാരിയപ്പന്‍ താക്കീത് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയില്‍ യുവാവ് ഇന്ന് രാവിലെ വഴിവക്കില്‍ ശാലിനിയെ കാത്തുനിന്നു സംസാരിക്കാന്‍ ശ്രമിച്ചു.
താല്‍പര്യമില്ലെന്ന് അറിയിച്ച ശേഷം ശാലിനി മുന്നോട്ട് നടന്നുപോകുന്നതിനിടെ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയെടുത്ത് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ശാലിനിയെ രാമേശ്വരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുനിരാജ് മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























