മണിക്ക് നിരവധി ശത്രുക്കളുണ്ടെന്ന് റിപ്പോര്‍ട്ട്; മണിയുടെ രക്തമൂത്ര സാമ്പിളുകള്‍ വിദഗ്ധപരിശോധനയ്ക്കായി ഡല്‍ഹിയിലേക്കയച്ചു

കലാഭവന്‍ മണിയുടെ രക്തമൂത്ര സാമ്പിളുകള്‍ വിദഗ്ധപരിശോധനയ്ക്കായി ഡല്‍ഹിയിലേക്കയച്ചു. മണിയുടെ കരളില്‍മാത്രമാണു കീടനാശിനിയുടെ സാന്നിധ്യം കണ്ടത്. പാകം ചെയ്യാതെ കഴിച്ച പച്ചക്കറികളില്‍നിന്നാകാം കീടനാശിനികള്‍ ശരീരത്തിലെത്തിയതെന്നാണു നിഗമനം. കീടനാശിനി കുടിക്കുകയോ കുടിപ്പിക്കുകയോ ചെയ്താല്‍ കീടനാശിനികളുടെ സാന്നിധ്യം ശരീരത്തിന്റെ പലഭാഗത്തും കാണുമായിരുന്നെന്നാണു വിദഗ്ധര്‍ പറയുന്നത്. ഈ ആശങ്ക പരിഹരിക്കാനാണു രക്തമൂത്ര സാമ്പിളുക വീണ്ടും പരിശോധനയ്ക്ക് അയച്ചത്.
മരണവുമായി ബന്ധപ്പെട്ട് ഇന്നലെയും ബന്ധുക്കളും സുഹൃത്തക്കളുമായ നിരവധി പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മണിയുടെ സന്തതസഹചാരികളായ മൂന്നു പേരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തിട്ടും കൊലപാതകം സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൊലപാതകമല്ല എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
മണിയുടെ മരണത്തിന് മുമ്പും ശേഷവും ശരീരത്തില്‍നിന്ന് ശേഖരിച്ച രക്തത്തിന്റെയും മൂത്രത്തിന്റെയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകള്‍ ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബോറട്ടറിയില്‍ തുടര്‍ പരിശോധനക്ക് വിധേയമാക്കും. മണി അവസാന ദിവസങ്ങളില്‍ അമിതമായി ബിയര്‍ കഴിച്ചതായും വ്യാജമദ്യം കുടിച്ചിരുന്നില്ലെന്നും അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിട്ടുണ്ട്.
അവസാന ദിനങ്ങളിലെ മദ്യപാനം കരള്‍ രോഗിയായ അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതാകാമെന്ന സാധ്യതയും തള്ളിക്കളയുന്നില്ല. പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ ഇക്കാര്യം വ്യക്തമാവൂ എന്നാണ് അന്വേഷണസംഘം പറയുന്നത്. അവസാന നാളുകളില്‍ മണിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹായികള്‍ തുടങ്ങി ഇരുനൂറോളം പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തി.
മണി മരിക്കുന്നതിന്റെ തലേന്ന് പാഡിയില്‍ താമസിച്ച അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെ വിവിധയിടങ്ങളില്‍വെച്ച് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം ഇല്ല. ആത്മഹത്യയാവാമെന്ന സൂചനയുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ ഇനിയും ചിലത് വ്യക്തമാവേണ്ടതുണ്ട്. കൊലപാതകത്തിലേക്ക് നയിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. മണിക്ക് ഗുരുതര കരള്‍രോഗം ഉണ്ടായിരുന്നതായി കൊച്ചിയിലെ ആശുപത്രിയും ഫോറന്‍സിക് വിദഗ്ധരും സ്ഥിരീകരിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി മണിയുടെ ബന്ധുക്കള്‍, സഹായികള്‍ എന്നിവരുടെ സ്വത്ത് പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ ബിനാമി സ്വത്തുക്കളുള്ളതായി സൂചന ലഭിച്ചു. മണിയുടെ മരണത്തിന് പിന്നില്‍ സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കമാണോ എന്ന സംശയത്തിലാണ് ഇക്കാര്യങ്ങള്‍ പരിശോധിച്ചത്.
കസ്റ്റഡിയിലുള്ള സഹായികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ബന്ധുക്കളിലേക്ക് നീണ്ടത്. മണിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കൊച്ചിയിലെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ കുപ്രസിദ്ധ ഗുണ്ടാത്തലവനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. അടുത്ത ബന്ധമുണ്ടായിരുന്ന ഇയാള്‍ക്ക് മണിയുടെ സമ്പാദ്യങ്ങളെപ്പറ്റി വ്യക്തമായ അറിവുണ്ടെന്ന നിഗമനത്തിലാണിത്.
തൃശൂര്‍ കേന്ദ്രീകരിച്ച് മണി ഇയാള്‍ക്കൊപ്പം ചില ഇടപാടുകള്‍ നടത്തിയിരുന്നു. അതുവഴി മണിക്ക് നിരവധി ശത്രുക്കളുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അതിന് പുറമെ മറ്റ് ചില ഗുണ്ടാസംഘങ്ങളുമായും മണിക്ക് ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha