കതിരൂര്‍ മനോജ് വധക്കേസ് പി.ജയരാജന് ഉപാധികളോടെ ജാമ്യം അനുവദിച്ചു

കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉപാധികളോടെ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടു മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് കോടതി നിര്‍ദ്ദേശം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്. പരാതിയുണ്ടായാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ജയരാജനെ മര്‍മചികില്‍സയ്ക്കായി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച കോടതി സിബിഐ പ്രോസിക്യൂട്ടറില്‍ നിന്നു വിശദമായ വാദം കേട്ടിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് ജയരാജന്റെ തറവാട്ടു ക്ഷേത്രത്തിലാണെന്നു സിബിഐ പ്രോസിക്യൂട്ടര്‍ എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. ജയരാജനാണ് ഗൂഢാലോചനയിലെ മുഖ്യപ്രതി. മറ്റു പ്രതികളുടെ പങ്ക് കൊലപാതകത്തിനു ശേഷമാണ് തുടങ്ങുന്നതെങ്കില്‍ ജയരാജന്റെ പങ്ക് കൊലപാതകത്തിനു മുന്‍പു തന്നെയുണ്ടെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു.
സിബിഐ കഴിഞ്ഞ ദിവസം കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് വീണ്ടും ഹാജരാക്കാനും ചില കാര്യങ്ങളെക്കുറിച്ച് സിബിഐ പ്രോസിക്യൂട്ടറോടു വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജയരാജനെതിരെ എന്ത് തെളിവുകളാണ് ഹാജരാക്കിയതെന്ന് കോടതി സിബിഐയോട് ചോദിച്ചിരുന്നു. എന്നാല്‍ കേസന്വേഷത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് സിബിഐ അറിയിച്ചത്. കേസ് ഡയറി സിബിഐ വീണ്ടും കോടതിയില്‍ സമര്‍പ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















