വ്യാജ സിബിഐ സംഘത്തിന്റെ കെണിയില്‍ നിന്ന് ഡോക്ടര്‍ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സിബിഐ ഉദ്യോഗസ്ഥരെന്ന് ആള്‍മാറാട്ടം നടത്തി ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് വന്‍തുക തട്ടിയെടുക്കാനുള്ള ഹൈടെക് സൈബര്‍ തട്ടിപ്പ് ശ്രമം കണ്ണൂര്‍ സിറ്റി സൈബര്‍ െ്രെകം പോലീസിന്റെ അവസരോചിത ഇടപെടലിലൂടെ പരാജയപ്പെടുത്തി. പണം കൈമാറുന്നതിന് തൊട്ടുമുമ്പാണ് തട്ടിപ്പ് സംഘത്തിന്റെ നീക്കം പോലീസ് തകര്‍ത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൈബര്‍ തട്ടിപ്പിന്റെ തുടക്കം ഒരു ഫോണ്‍ കോളിലൂടെയായിരുന്നു. ഡോക്ടര്‍ ദമ്പതികളിലൊരാളെയാണ് ആദ്യം വിളിച്ചത്. ട്രായ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍, ദമ്പതികളുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് ഒരു സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് അറിയിച്ചു. നിയമപരമായ നടപടികളിലേക്ക് പ്രവേശിക്കാന്‍ ഉടന്‍ ഒരു ലൈവ് വാട്‌സാപ്പ് വീഡിയോ കോളില്‍ പ്രവേശിക്കണമെന്നും തട്ടിപ്പുകാര്‍ നിര്‍ദ്ദേശിച്ചു.
നിര്‍ദ്ദേശിച്ചതനുസരിച്ച് ദമ്പതികള്‍ വീഡിയോ കോളിലേക്ക് പ്രവേശിച്ചപ്പോള്‍, ആദ്യം അവരെ അഭിമുഖീകരിച്ച വ്യക്തി താന്‍ ഒരു െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി. തൊട്ടുപിന്നാലെ, മറ്റൊരു വ്യക്തി കൂടി കോളില്‍ വരികയും സിബിഐ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. തങ്ങള്‍ നിയമപരമായ ഒരു ഗുരുതര അന്വേഷണം നേരിടുകയാണെന്ന് ഈ വ്യാജ ഉദ്യോഗസ്ഥര്‍ ദമ്പതികളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
വ്യാജ സിബിഐ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ സംസാരിച്ചവര്‍ ഉടന്‍ തന്നെ ദമ്പതികളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. അക്കൗണ്ടിലുള്ള പണം മുഴുവന്‍ ഉടന്‍ തന്നെ 'സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു പ്രത്യേക അക്കൗണ്ടിലേക്ക്' മാറ്റി 'സേഫ്' ആക്കണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. നിയമനടപടികളുടെ പേരില്‍ ഭീഷണി മുഴക്കി എത്രയും പെട്ടെന്ന് പണം കൈമാറാനാണ് തട്ടിപ്പ് സംഘം ശ്രമിച്ചത്.
തട്ടിപ്പുകാരുടെ ആവശ്യങ്ങളിലും പെരുമാറ്റത്തിലും സംശയം തോന്നിയ ഡോക്ടര്‍ ദമ്പതികള്‍ ഉടന്‍ തന്നെ കണ്ണൂര്‍ സിറ്റി സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടു. പോലീസുമായി ബന്ധപ്പെട്ട വിവരം തട്ടിപ്പ് സംഘം അറിയാതിരിക്കാന്‍ ദമ്പതികള്‍ ശ്രദ്ധിച്ചു. സൈബര്‍ പോലീസ് നല്‍കിയ സമയബന്ധിതവും കൃത്യവുമായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നീങ്ങിയ ദമ്പതികള്‍, തട്ടിപ്പ് സംഘത്തില്‍ നിന്ന് വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. പണം നഷ്ടപ്പെടുന്നതിനു മുന്‍പ് തന്നെ ഈ തട്ടിപ്പ് ശ്രമം തടയാന്‍ സാധിച്ചത് പോലീസിന്റെ ജാഗ്രത കാരണമാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനായി വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























