തന്ത്രിയുടെ താമസസ്ഥലത്ത് നേതാക്കള്‍ അടിയന്തരമായി സന്ദര്‍ശനം നടത്തിയത് എന്തിനാണെന്ന് ബിജെപി വ്യക്തമാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ശബരിമലയിലെ സ്വര്‍ണപ്പാളി കേസുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നീക്കങ്ങള്‍ കള്ളന്മാരെ പിടികൂടാനല്ലെന്നും മറിച്ച് കുറ്റവാളികളായ തങ്ങളുടെ സ്വന്തക്കാരെ സംരക്ഷിച്ചു നിര്‍ത്താനാണെന്നുമാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്വര്‍ണം കട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നതല്ല ബിജെപിയുടെ യഥാര്‍ത്ഥ ആവശ്യം. തങ്ങളുടെ നിഗൂഢ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ എന്ത് വിലകൊടുത്തും രക്ഷിച്ചെടുക്കുക എന്നത് മാത്രമാണെന്നും അദ്ദേഹം കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ശബരിമലയിലെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നീക്കങ്ങള്‍ കള്ളന്മാരെ പിടികൂടാനല്ല, മറിച്ച് കുറ്റവാളികളായ തങ്ങളുടെ സ്വന്തക്കാരെ സംരക്ഷിച്ചു നിര്‍ത്താനാണ്. സ്വര്‍ണം കട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നതല്ല ബിജെപിയുടെ യഥാര്‍ത്ഥ ആവശ്യം. തങ്ങളുടെ നിഗൂഢ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ എന്ത് വിലകൊടുത്തും രക്ഷിച്ചെടുക്കുക എന്നത് മാത്രമാണ് അവരുടെ അജണ്ട.
ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ പരിപാടികള്‍ ആര്‍ക്കെതിരെയാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണം. നിലവില്‍ അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത് ബഹുമാനപ്പെട്ട ഹൈക്കോടതിയാണ്. അപ്പോള്‍ ബിജെപിയുടെ ഈ സമരം ബഹു.ഹൈക്കോടതിക്ക് എതിരെയാണോ? ഇക്കാര്യം ജനങ്ങളോട് തുറന്നുപറയാനുള്ള ആര്‍ജ്ജവം അവര്‍ കാണിക്കണം.
അയ്യപ്പ വിശ്വാസികളെക്കാള്‍ കുറ്റവാളികളോടാണ് ബിജെപിയ്ക്ക് കൂറ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ഭക്തരുടെ വികാരം വെച്ച് മുതലെടുപ്പ് നടത്തുന്നവര്‍ ഇപ്പോള്‍ കള്ളന്മാര്‍ക്കുവേണ്ടി കവചം തീര്‍ക്കുന്നത് വിരോധാഭാസമാണ്. സംസ്ഥാന ഏജന്‍സിയുടെ അന്വേഷണം കൃത്യമായി നടക്കുമ്പോള്‍, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് ബിജെപിയുടെ ഉള്ളിലെ ഭയത്തിന്റെ പ്രതിഫലനമാണ്. സത്യം പുറത്തുവരുമെന്നും തങ്ങളുടെ പങ്ക് വെളിപ്പെടുമെന്നും അവര്‍ ഭയപ്പെടുന്നുണ്ട്. തന്ത്രിയുടെ താമസസ്ഥലത്ത് നേതാക്കള്‍ അടിയന്തരമായി സന്ദര്‍ശനം നടത്തിയത് എന്തിനാണെന്ന് ബിജെപി വ്യക്തമാക്കണം. അത് തെളിവ് നശിപ്പിക്കാനാണോ എന്ന് സംശയമുണ്ട്.
https://www.facebook.com/Malayalivartha


























