സ്വർണക്കൊള്ള: റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ; ഗൂഢാലോചനയെന്ന് എസ്ഐടി

ദേവന്റെ അനുജ്ഞ (അനുവാദം) വാങ്ങാതെയും താന്ത്രിക നടപടികൾ പാലിക്കാതെയുമാണു പാളികൾ കൈമാറുന്നതെന്നു തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോർഡിനെ അറിയിച്ചില്ലെന്ന് എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ അന്തിമതീരുമാനം എടുക്കേണ്ട തന്ത്രി സ്വർണപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറുന്നതു തടഞ്ഞില്ല.
ശ്രീകോവിലിന്റെ കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങളും രാശി ചിഹ്നങ്ങളും ആലേഖനം ചെയ്ത സ്വർണം പതിച്ച 2 വീതം ചെമ്പു പാളികൾ, കട്ടിളയുടെ മുകൾപ്പടിയിലെ സ്വർണം പതിച്ച ചെമ്പുപാളി, കട്ടിളയ്ക്കു മുകളിലെ സ്വർണം പതിച്ച ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന 2 പ്രഭാമണ്ഡല പാളികൾ എന്നിവയാണ് അറ്റകുറ്റപ്പണി നടത്തി സ്വർണം പൂശുന്നതിന് 2019 മേയ് 18 നു പോറ്റിക്കു കൈമാറിയത്.
ദേവസ്വം മാനുവൽ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കൾ ക്ഷേത്രത്തിനു പുറത്തുകൊണ്ടുപോകാൻ പാടില്ലെന്നു തന്ത്രിക്ക് അറിയാം. 1998ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സന്നിധാനത്തു തന്നെയാണു ശ്രീകോവിലിൽ സ്വർണം പൂശുന്ന പണികൾ പൂർത്തിയാക്കിയത്. ഇതു തന്ത്രിക്ക് അറിയാമായിരുന്നുവെന്നും എസ്ഐടി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























