അഴിമതിക്കറ വീണ അടൂര്‍ പ്രകാശും കെ ബാബുവും മാറി നില്‍ക്കട്ടേയെന്ന് സോണിയ; എങ്കില്‍ മത്സര രംഗത്തില്ലെന്ന് ഉമ്മന്‍ചാണ്ടി

അഴിമതിക്കറ വീണ അടൂര്‍ പ്രകാശിനേയും കെ ബാബുവിനേയും മാറ്റി നിര്‍ത്താന്‍ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ എല്ലാം സംരക്ഷിക്കുമെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയിലും കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കായി മുഖ്യമന്ത്രി പ്രതിരോധം തീര്‍ക്കുകയാണ്. കോന്നിയില്‍ അടൂര്‍ പ്രകാശിനും തൃപ്പുണ്ണിത്തുറയില്‍ കെ ബാബുവിനും സീറ്റുറപ്പിക്കാനുള്ള അന്തിമ വട്ട നീക്കത്തിലാണ് ഉമ്മന്‍ ചാണ്ടി. ഇരുവര്‍ക്കും സീറ്റ് നല്‍കിയില്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിക്കുകയും ചെയ്തു. മത്സരിക്കാതെ പ്രചരണത്തില്‍ സജീവമാകാം എന്നാണ് നിര്‍ദ്ദേശം.
അഞ്ച് സീറ്റുകളിലാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കടുംപിടിത്തം പിടിച്ചത്. കൊച്ചിയില്‍ ഡൊമനിക് പ്രസന്റേഷനേയും തൃപ്പുണ്ണിത്തുറയില്‍ കെ ബാബുവിനേയും കോന്നിയില്‍ അടൂര്‍ പ്രകാശിനേയും ഇരിക്കുറില്‍ കെസി ജോസഫിനേയും തൃക്കാക്കരയില്‍ ബെന്നി ബെഹന്നാനേയും വെട്ടാനാണ് സുധീരന്റെ ശ്രമം. ഇതിനെ മുഖ്യമന്ത്രി ശക്തമായി എതിര്‍ത്തു. പ്രതിച്ഛായ ഉയര്‍ത്തിയായിരുന്നു സുധീരന്റെ നിലപാട് വിശദീകരിക്കല്‍. അഴിമതിയും ആരോപണങ്ങളും ഉയര്‍ത്തിയായിരുന്നു വാദമുഖങ്ങള്‍. ഇതിന്റെ തുടക്കത്തില്‍ തന്നെ അഴിമതിയാണ് സീറ്റ് നിഷേധത്തിന് കാരണമെങ്കില്‍ താനും മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഇതോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയിലായി. രമേശ് ചെന്നിത്തലയും ഈ വിഷയത്തില്‍ സുധീരനൊപ്പമാണ് നിലയുറപ്പിച്ചത്. ഇതും മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കി. ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒത്തുതീര്‍പ്പ് ഫോര്‍മുല തയ്യാറാക്കി.
ഭൂമി ആരോപണങ്ങളില്‍ കുടുങ്ങിയ അടൂര്‍ പ്രകാശും ബാര്‍ കോഴയില്‍പ്പെട്ട കെ ബാബുവും മാറി നില്‍ക്കട്ടേ എന്നാതായിരുന്നു ഫോര്‍മുല. ഇരിക്കുറില്‍ കെസി ജോസഫിനേയും തൃക്കാക്കരയില്‍ ബെന്നി ബെഹന്നാനേയും കൊച്ചിയില്‍ ഡൊമനിക് പ്രസന്റേഷനേയും മത്സരിപ്പിക്കാമെന്നും സമ്മതിച്ചു. എകെ ആന്റണിയും ഇതിനെ അനൂകലിച്ചു. ഇക്കാര്യം സുധീരനും ചെന്നിത്തലയ്ക്കും സമ്മതമായി. ഇത് മുഖ്യമന്ത്രിയെ ഹൈക്കമാണ്ട് അറിയിച്ചു. ഇതോടെയാണ് ഉമ്മന്‍ ചാണ്ടി വീണ്ടും പൊട്ടിത്തെറിച്ചത്. ബാബുവിനേയും അടൂര്‍ പ്രകാശിനേയും ബലിയാടാക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭയിലെ കോണ്‍ഗ്രസുകാര്‍ക്കെല്ലാം സീറ്റ് നല്‍കണം. മന്ത്രിസഭയുടെ തീരുമാനമെല്ലാം കൂട്ടുത്തരവാദിത്തമാണ്. അതില്‍ നിന്ന് ആരും ഒഴിഞ്ഞുമാറില്ല. ഈ സാഹചര്യത്തില്‍ ബാബുവിനേയും അടൂര്‍ പ്രകാശിനേയും മാത്രം ബലിയാക്കാന്‍ സമ്മതിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി തറപ്പിച്ചു പറഞ്ഞു.
ഈ സീറ്റുകളില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. ഉമ്മന്‍ ചാണ്ടിയുടെ കടുംപിടിത്തത്തിലൂടെ വെട്ടിലായത് ഹൈക്കമാണ്ടാണ്. ബാബുവും അടൂര്‍ പ്രകാശും ഒഴിവായാല്‍ താനും മത്സരത്തിനില്ല. പുതുപ്പള്ളിയില്‍ നിന്ന് തന്റെ പേരും ഒഴിവാക്കണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. കേരളത്തില്‍ എങ്ങനേയും അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന കോണ്‍ഗ്രസിന് ഉമ്മന്‍ ചാണ്ടിയുടെ നിലപാട് വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ ബാബുവിനും പ്രകാശിനും സീറ്റ് നല്‍കുമെന്നാണ് സൂചന. ഇതിനിടെ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള സ്‌ക്രീനിങ്ങ് കമ്മറ്റി യോഗം തുടങ്ങി. മുഖ്യമന്ത്രിയും സുധീരനും തമ്മിലുള്ള ഭിന്നത ഈ യോഗത്തില്‍ പരിഹരിക്കാനാണ് ശ്രമം. ഉമ്മന്‍ ചാണ്ടി കടുംപിടിത്തം തുടരുന്നതിനാല്‍ സുധീരനെ അനുനയിപ്പിക്കാനും ശ്രമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha