സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന് എ.ഐ.എല്‍.യു കമ്മീഷന് ഹര്‍ജി നല്‍കി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ (എ.ഐ.എല്‍.യു) സോളാര്‍ കമീഷന് ഹരജി നല്‍കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍, ഹരജി പരിഗണിക്കുന്നത് 26ലേക്ക് മാറ്റി.
കേസില്‍ കക്ഷിയായ എ.ഐ.എല്‍.യുവിനുവേണ്ടി സെക്രട്ടറി ബി. രാജേന്ദ്രനാണ് കമീഷനില്‍ അപേക്ഷ നല്‍കിയത്. ജനുവരി 25ന് 14 മണിക്കൂര്‍ നീണ്ട വിസ്താരത്തിനിടെ മുഖ്യമന്ത്രി നല്‍കിയ മൊഴിയില്‍ കളവും വൈരുധ്യങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്. 2012 ഡിസംബര്‍ 29ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ പോയെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍, ഡിസംബര്‍ 27ന് വിജ്ഞാന്‍ ഭവനില്‍ പോയെന്നാണ് കമീഷനില്‍ നല്‍കിയ മൊഴി. സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ അറിയില്ലെന്നും ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും മൊഴി നല്‍കിയിരുന്നു.
ഫെനിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച് ശേഖരിച്ച രേഖകളില്‍ നാലുതവണ ഇരുവരും സംസാരിച്ചിരുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഹരജിയില്‍ വ്യക്തമാക്കി.
എ.ഐ.എല്‍.യുവിന്റെ അപേക്ഷയില്‍ മുഖ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകനും സര്‍ക്കാര്‍ അഭിഭാഷകനും കമീഷന്‍ നോട്ടീസ് നല്‍കും. അവരുടെ വിശദീകരണം അനുസരിച്ചായിരിക്കും തുടര്‍ നടപടി. കമീഷനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിമര്‍ശിച്ച എ.ഐ.എല്‍.യു സെക്രട്ടറി ബി. രാജേന്ദ്രന് വിശദീകരണം സമര്‍പ്പിക്കാനും 26 വരെ സമയം അനുവദിച്ചു. രണ്ടാഴ്ച സമയം നല്‍കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കമീഷന്‍ നടപടി. കക്ഷികളുടെ അഭിഭാഷകര്‍ ഹാജരാകാതിരിക്കുന്ന സാഹചര്യത്തില്‍ കമീഷന്‍ സിറ്റിങ്ങില്‍ സംസാരിക്കാന്‍ കക്ഷിയെ അനുവദിക്കണമെന്ന അപേക്ഷയിലും 26ന് തീരുമാനമെടുക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ദഗതിയിലായ കമീഷന്‍ വിസ്താരങ്ങള്‍ അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കാനും തീരുമാനിച്ചു. 25ഓളം സാക്ഷികളെയാണ് ഇനി വിസ്തരിക്കാനുള്ളത്. ഡി.വൈ.എസ്.പിമാരായ കെ. ഹരികൃഷ്ണന്‍, വി. അജിത്, എ.ഡി.ജി.പി പത്മകുമാര്‍ എന്നിവരെയാകും ആദ്യം വിസ്തരിക്കുക. സാക്ഷികള്‍ ഹാജരാകേണ്ട സമയക്രമവും തിങ്കളാഴ്ച നിശ്ചയിച്ചു. തെരഞ്ഞെടുപ്പായതിനാല്‍ സ്ഥാനാര്‍ഥികള്‍, പ്രചാരണത്തില്‍ സജീവമായ രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ ഉടന്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കമീഷനോട് അഭ്യര്‍ഥിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍, മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍, സ്ഥാനാര്‍ഥികളല്ലാത്ത രാഷ്ട്രീയ നേതാക്കള്‍, മറ്റുള്ളവര്‍ എന്ന ക്രമത്തില്‍ സാക്ഷിവിസ്താരം നടത്താമെന്ന് ജസ്റ്റിസ് ജി. ശിവരാജന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha