ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് ..കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു... സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍, ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് നേടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ജെ എസ് ശ്രീജ. സാമ്പത്തിക പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തോട് പൊരുതി നേടിയ വിജയമാണ് ശ്രീജയുടേത്. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും നിറകണ്ണുകളോടെയാണ് ഈ സന്തോഷ വാര്‍ത്ത കേട്ടത്. സാമ്പത്തിക പരിമിതികളോ കുടുംബ സാഹചര്യങ്ങളോ തന്റെ സ്വപ്നങ്ങള്‍ക്ക് തടസമല്ലെന്ന് തെളിയിച്ചുകൊണ്ടാണ് 2025-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ശ്രീജ 57-ാം റാങ്ക് കരസ്ഥമാക്കിയത്. നിര്‍മ്മാണത്തൊഴിലാളിയായ അച്ഛന്റെയും വീട്ടമ്മയായ അമ്മയുടെയും പൂര്‍ണ്ണ പിന്തുണയോടെ, ആദ്യ ശ്രമത്തില്‍ത്തന്നെ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേരാനാണ് ശ്രീജയുടെ ആഗ്രഹം.
കൂലിപ്പണിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനവും കുടുംബശ്രീയില്‍ നിന്ന് എടുത്ത ലോണുകളും ഉപയോഗിച്ചാണ് മാതാപിതാക്കള്‍ സിവില്‍ സര്‍വീസ് പഠനത്തിനാവശ്യമായ തുക കണ്ടെത്തിയത്. മകളുടെ ആഗ്രഹങ്ങള്‍ക്ക് ചിറകുനല്‍കാന്‍ കഠിനാധ്വാനം ചെയ്ത മാതാപിതാക്കളാണ് തന്റെ കരുത്തെന്നും, പ്രത്യേകിച്ച് ബിരുദാനന്തര ബിരുദധാരിയായ അമ്മയുടെ പിന്തുണ പഠനത്തില്‍ വലിയ സ്വാധീനം ചെലുത്തിയെന്നും ശ്രീജ ഓര്‍ക്കുന്നു.
മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശ്രീജ, 2024-ലാണ് സിവില്‍ സര്‍വീസ് കോച്ചിങ് ആരംഭിച്ചത്. കൃത്യമായ പ്ലാനിങ്ങോടു കൂടി ഓരോ ദിവസവും നിശ്ചയിച്ച പാഠഭാഗങ്ങള്‍ പഠിച്ചുതീര്‍ത്തുകൊണ്ടുള്ള കഠിനാധ്വാനമാണ് ഈ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (IFS) ആണ് ലക്ഷ്യം. തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ അച്ഛനും അമ്മയും നല്‍കിയ ആത്മവിശ്വാസവും പ്രോത്സാഹനവുമാണ് പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോകാന്‍ തുണയായതെന്ന ശ്രീജ പറയുന്നു.
'ആദ്യശ്രമത്തില്‍ തന്നെ എന്നെ കൊണ്ട് പറ്റുമെന്ന് അച്ഛനും അമ്മയും പറയുമായിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ എത്തുമെന്ന് എപ്പോഴും അധ്യാപകരും ചര്‍ച്ചിലുള്ളവരും പറയാറുണ്ടായിരുന്നു. അന്നന്നുള്ളത് പഠിച്ചിട്ടേ ഉറങ്ങാറുള്ളൂ. കഴിയാത്ത ദിവസം ആ ഭാഗങ്ങള്‍ വെള്ളിയാഴ്ചത്തേക്കോ ശനിയാഴ്ചത്തേക്കോ മാറ്റിവക്കും. പഠിച്ച ഫോര്‍ച്യൂണ്‍ അക്കാഡമിയില്‍ ഞായറാഴ്ച പരീക്ഷ എഴുതാന്‍ പോകുന്നതിന് മുന്നേ എല്ലാം പഠിച്ചെന്ന് ഉറപ്പുവരുത്തുമായിരുന്നു. ഈ രീതി പ്രിലിംസിലും മെയിന്‍ പരീക്ഷയിലു ഒത്തിരി സഹായിച്ചു'- ശ്രീജ പറയുന്നു.
https://www.facebook.com/Malayalivartha





















