ഈ വാക്കുകള്‍ കേട്ടാല്‍ ആരുടെയും കരളലിയും ...സാറേ എനിക്കൊന്നു തിരിഞ്ഞുകിടക്കണം, എന്റെ നെഞ്ചു വേദനിക്കുന്നു...രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കിയ സേനാംഗത്തിന്റെ അനുഭവം ഫേസ്ബുക്കിലൂടെ

കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത അഗ്നിശമന സേനാംഗം എന്‍.ബി രതീഷ്‌കുമാര്‍ തന്റെ അനുഭവങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നു.
''സാറേ എനിക്കൊന്നു തിരിഞ്ഞു കിടക്കണം. എന്റെ നെഞ്ച് വേദനിക്കുന്നു സാറേ. ''ഈ വാക്കുകള്‍ കേട്ടാല്‍ ആരുടെയും കരള്‍ പൊടിഞ്ഞുപോകും കാരണം അത്രയ്ക്കു ദയനീയമായിരുന്നു ആ കാഴ്ച. കേരളത്തെ നടുക്കി നൂറ്റിപതിനൊന്നു പേരുടെ ജീവനെടുത്ത പുറ്റിങ്ങല്‍ ദേവിക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിനിരയായ പിന്നീട് മരണപ്പെട്ടയാളുടെ വാക്കുകളാണിത്. അപകടം നടന്ന് ആദ്യം എത്തിയ കടപ്പാക്കടയില്‍ നിന്നുള്ള അഗ്‌നിശമനസേനയില്‍ അംഗമായിരുന്നു രതീഷ്. ദുരന്തഭൂമിയിലേയ്ക്ക് എത്തിയപ്പോള്‍ കരള്‍ പിളര്‍ക്കുന്ന ദുരിതക്കാഴ്ചയായിരുന്നെന്നും ഭയചകിതരായ ജനങ്ങള്‍ സംഭവ സ്ഥലത്തുനിന്നു പരക്കം പാഞ്ഞിരുന്നതായും രതീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രതീഷിന്റെ പറയുന്നതിങ്ങനെ...
കടപ്പാക്കട അഗ്‌നിരക്ഷാ നിലയത്തില്‍ ദുരന്തത്തിന്റെ മണി മുഴങ്ങിയത് രാവിലെ 3.35 ന്.. 21 കിലോമീറ്റര്‍ 12 മിനിട്ടു കൊണ്ട് ഞങ്ങള്‍ ഓടിയെത്തിയപ്പോള്‍ കണ്ടതു കരള്‍ പിളര്‍ക്കുന്ന ദുരിതക്കാഴ്ച.. ഭയചകിതരായ ജനങ്ങള്‍ സംഭവ സ്ഥലത്തു നിന്നും പരക്കം പാഞ്ഞിരുന്നു.. അവിടെ ഉണ്ടായിരുന്ന പരവൂര്‍ നിലയത്തിലെ ഒരു വാഹനം മാത്രം.. കറുത്ത മരണത്തിന്റെ നിശബ്ദതയെ മനസിലാക്കാന്‍ ഞങ്ങള്‍ക്കു ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രം. വിറങ്ങലിച്ചു നിന്ന കുറച്ചു നിമിഷങ്ങള്‍.. പിന്നീടങ്ങോട്ട് രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകള്‍.. ചിന്നിച്ചിതറിയ ശരീര ഭാഗങ്ങള്‍ക്കു നടുവില്‍ ജീവന്റെ തുടിപ്പ് മനസിലാക്കാന്‍ നന്നേ പാടുപെട്ടു. നൂറു കണക്കിന് ജീവനുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ കിട്ടിയ വാഹനങ്ങളില്‍ കയറ്റി ആശുപത്രികളിലേക്കയച്ചു. അവസാന ജീവനും രക്ഷിക്കുവാനുള്ള എന്റെയും സഹപ്രവര്‍ത്തകരുടെയും ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിന്റെ പരിസമാപ്തിയാണ് നിങ്ങളുടെ മുന്നിലുള്ള ഈ ചിത്രം. രക്തത്തില്‍ കുളിച്ചു ശരീരമാസകലം പൊള്ളി വീര്‍ത്ത് അരയ്ക്കു താഴെ കോണ്‍ക്രീറ്റ് പില്ലറിനടിയില്‍പ്പെട്ടു ബോധം നഷ്ടപ്പെടാതെ രണ്ടു മണിക്കൂര്‍ കമഴ്ന്നു കിടന്ന പേരറിയാത്ത ആ സഹോദരന്റെ ഇടമുറിഞ്ഞ വാക്കുകളില്‍ ഒന്നു ഞാന്‍ കുറിയ്ക്കുന്നു...
സാറേ എനിക്കൊന്ന് തിരിഞ്ഞു കിടക്കണം എന്റെ നെഞ്ച് വേദനിക്കുന്നു സാറേ അരയ്ക്കു താഴെ തകര്‍ന്നു പോയ ആ മനുഷ്യനെ ഞാന്‍ ജീവനോടെ പുറത്തെടുത്തു കൈമാറുമ്പോള്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ... എന്നു പറഞ്ഞാണ് രതീഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. രതീഷും സംഘവും രക്ഷിച്ചയാള്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും മുമ്പുതന്നെ മരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha