പുറ്റിങ്ങല്‍ ദുരന്തം; പൂര്‍ണ ഉത്തരവാദിത്തം പൊലീസിനാണെന്ന് കൊല്ലം ജില്ലാ കളക്ടര്‍ എ. ഷൈനാമോളുടെ റിപ്പോര്‍ട്ട്

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനാണെന്ന് കൊല്ലം ജില്ലാ കളക്ടര്‍ എ. ഷൈനാമോളുടെ റിപ്പോര്‍ട്ട്. വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവ് പൊലീസ് നടപ്പാക്കിയില്ലെന്ന് റവന്യൂമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ കൊല്ലം ജില്ലാ പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറുന്നുണ്ട്. വെടിക്കെട്ടിനു മുന്‍പും, ശേഷവും പൊലീസ് സ്വീകരിച്ച നടപടികള്‍ ഇതിലുണ്ടാകും. ഈ രണ്ടു റിപ്പോര്‍ട്ടുകളും ഇന്നു ചേരുന്ന മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
അതേസമയം ഇനിയും പിടിയിലാകാനുളള ക്ഷേത്രഭാരവാഹികള്‍ കീഴടങ്ങില്ലെന്നാണ് അറിയുന്നത്. ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനായി നീക്കം തുടങ്ങി. നാലുപേരും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ മുഖേന ഇന്നുതന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിലായി ഏഴുപേര്‍ കീഴടങ്ങിയിരുന്നു. ഇനിയും എട്ടുപേര്‍ കൂടി കീഴടങ്ങാനുണ്ട്. ഇതില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. ആകെ 15 പേരാണ് ഭരണസമിതി അംഗങ്ങളായുളളത്. കീഴടങ്ങിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വെടിക്കെട്ടിനായി കരാറുകാരെ ഏര്‍പ്പാടാക്കിയ മൂന്നുപേരെ ഇനിയും പിടികൂടിയിട്ടില്ല.
ഇവരാണ് കേസിലെ മൂന്ന്,നാല്, അഞ്ച് പ്രതികള്‍. കുറ്റകരമായ നരഹത്യ, നരഹത്യാ ശ്രമം, അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനുമാണ് ക്ഷേത്രഭാരവാഹികള്‍, വെടിക്കെട്ടിന്റെ ലൈസന്‍സി എന്നിവര്‍ക്കെതിരെ കേസെടുത്തത്. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് മുന്‍പ് ഇവരെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.
അതേസമയം വെടിക്കെട്ടിന് അനുമതി നിഷേധിക്കുകയും പൊലീസിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്ത കൊല്ലം ജില്ലാ കളക്ടര്‍ക്കെതിരെ പൊലീസ് സേനയില്‍ കടുത്ത രോഷം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ആനുകൂല്യം കളക്ടര്‍ എ.ഷൈനാമോള്‍ മുതലാക്കുന്നു, കമ്മീഷണറെ കളക്ടര്‍ കുറ്റപ്പെടുത്തുന്നത് സ്വന്തം വീഴ്ച മറച്ചുവെക്കാന്‍ എന്നിങ്ങനെയാണ് പൊലീസിനുള്ളില്‍ കളക്ടര്‍ക്കെതിരായി ഉയരുന്ന മുറുമുറുപ്പുകള്‍.
കൂടാതെ കളക്ടറുടെ വിമര്‍ശനങ്ങളില്‍ പൊലീസ് തലപ്പത്തുളളവര്‍ക്കുളള അതൃപ്തി ആഭ്യന്തരവകുപ്പിനെ ധരിപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം. വെടിക്കെട്ടിന് വാക്കാല്‍ അനുമതി കിട്ടിയെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞാല്‍ പൊലീസിന് അത് അനുവദിച്ചുകൊടുക്കാന്‍ ഉത്തരവാദിത്വമില്ലെന്ന് കളക്ടര്‍ ഷൈനാമോള്‍ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് കൊല്ലം സിറ്റി കമ്മീഷണറോട് ജില്ലാ കളക്റ്റര്‍ വിശദീകരണവും തേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha