കോണ്‍ഗ്രസ്സിന് വിമതരുടെ മുന്നറിയിപ്പ്, അഴിക്കോട് പികെ രാഗേഷ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത, ആശങ്കയോടെ കെ എം ഷാജി

പാര്‍ട്ടിയിലെ തന്റെ മുഖ്യശത്രു കെ സുധാകരന്‍ കണ്ണൂര്‍ വിട്ട് കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മണ്ഡലത്തിലേക്ക് ചേക്കേറിയെങ്കിലും കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷ് ഇടഞ്ഞു തന്നെ നില്‍ക്കുന്നു. കണ്ണൂരില്‍ സൂധാകരനെതിരെ മത്സരിക്കുമെന്ന് രാഗേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് മുന്നില്‍ കണ്ടാണ് സുധാകരന്‍ ജില്ല തന്നെ മാറി നിന്നതെന്ന് ഈക്ഷേപമുയര്‍ന്നിരുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ചെയ്തതുപോലെ നിയമസഭ തെരഞ്ഞെടുപ്പിലും വിമതനായി മത്സരിക്കാനാണ് രാഗേഷിന്റെ തീരുമാനം. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലാണ് രാഗേഷ് നേതൃത്വം നല്‍കുന്ന ജനാധിപത്യ സമിതി മത്സരിക്കാനൊരുങ്ങുന്നത്. ഇതില്‍ അഴിക്കോട് മണ്ഡലത്തില്‍ രാഗേഷ് തന്നെയാകും സ്ഥാനാര്‍ത്ഥി.
മത്സരരംഗത്ത് ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ച രാഗേഷ് ഇക്കഴിഞ്ഞദിവസം തന്നെ പിന്തുണയ്ക്കുന്നവരുടെ കുടുംബ സംഗമം കണ്ണൂരില്‍ സംഘടിപ്പിച്ചിരുന്നു. അടുത്തു തന്നെ അഴീക്കോട് നിയോജക മണ്ഡലത്തിലും കുടുംബസംഗമം സംഘടിപ്പിക്കുമെന്ന് രാഗേഷ് പറയുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ പഞ്ഞിക്കല്‍ വാര്‍ഡില്‍ നിന്നും രാഗേഷ് വിജയിച്ചിരുന്നു. രാഗേഷിന്റെ വോട്ടിന്റെ ബലത്തിലാണ് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. രാഗേഷിനൊപ്പം മത്സരിക്കാന്‍ ഇറങ്ങിയ സഹ വിമതന്‍മാര്‍ പരാജയപ്പെട്ടുവെങ്കിലും അവരുടെ സാന്നിദ്ധ്യം ചില യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിനയായിരുന്നു.
രാഗേഷ് അഴീക്കോട് മത്സരിക്കുന്നതില്‍ കോണ്‍ഗ്രസിനേക്കാള്‍ ആശങ്ക മുസ്ലിം ലീഗിനാണ്. മുസ്ലിം ലീഗിലെ കെ എം ഷാജിയാണ് അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വെറും 493 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാജി അഴീക്കോട് മണ്ഡലത്തില്‍ സിപിഐഎമ്മിലെ എം പ്രകാശന് എതിരെ അട്ടിമറി വിജയം നേടിയത്. രാഗേഷ് മത്സരിക്കുന്ന പക്ഷം ഷാജിയുടെ പരുങ്ങലില്‍ ആകുമെന്നതിനാല്‍ എങ്ങനെയെങ്കിലും രാഗേഷിനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് മുസ്ലിം ലീഗ്. ഇവിടെ സിപിഐ എം സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാറിന് വിമതനെക്കൊണ്ട് ഗുണം ഉണ്ടാകുമെന്നാണ് ഇടത് ക്യാമ്പിന്റെ വിശ്വാസം.
രാഗേഷ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഉദ്ദേശിക്കുന്ന കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയും കോണ്‍ഗ്രസ് എസ് രാമചന്ദ്രന്‍ കടന്നപ്പള്ളിയും തമ്മിലാണ് പ്രധാനമത്സരം. സിറ്റിങ് എംഎല്‍എ എപി അബ്ദുള്ളക്കുട്ടിയെ കണ്ണൂരില്‍ നിന്നും തലശേരിയിലേക്ക് മാറ്റിയതിലുള്ള പ്രതിഷേധം മണ്ഡലത്തില്‍ ശക്തമാണ്. ഇതിനിടയില്‍ വിമത ശല്യം കൂടിയുണ്ടായാല്‍ തങ്ങളുടെ ഉറച്ച മണ്ഡലമായ കണ്ണൂര്‍ നഷ്ടപ്പെടുമെന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha