സന്തോഷപ്പൂരം..തൃശൂര്‍ പൂരത്തിന് ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം പിന്‍വലിച്ചു; ഉപാധികളോടെ നിയന്ത്രണങ്ങളോടെയും പൂരം നടത്താമെന്ന് സര്‍ക്കാര്‍

പൂരപ്രേമികള്‍ക്ക് ആശ്വാസത്തിന്റെ അമിട്ട്. നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ദേവസ്വത്തിന്റെ സമ്മര്‍ദത്തിനു സര്‍ക്കാര്‍ വഴങ്ങി. തൃശൂര്‍ പൂരത്തിന് ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം പിന്‍വലിച്ചു. വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് ഉത്തരവു പിന്‍വലിച്ചത്. അനുമതിയില്ലാതെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥരോടു വിശദീകരണം ചോദിക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
പരവൂര്‍ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്നലെയാണു ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നിര്‍ദ്ദേശം നല്‍കിയത്. വെടിക്കെട്ടു നിയന്ത്രണത്തിനു പിന്നാലെ ആന എഴുന്നള്ളിപ്പിന്റെ കാര്യത്തിലും നിയന്ത്രണം വന്നതോടെ തൃശൂര്‍ പൂരം നടത്തിപ്പിലും ആശങ്കയേറിയിരുന്നു. ഇതെത്തുടര്‍ന്നു പൂരം പ്രതീകാത്മകമായി നടത്താന്‍ ഇന്നലെ വൈകി അവസാനിച്ച ചര്‍ച്ചയില്‍ തിരുവമ്പാടിപാറമേക്കാവു ദേവസ്വങ്ങള്‍ തീരുമാനിച്ചിരുന്നു. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഒരാനയെമാത്രം എഴുന്നള്ളിപ്പിന് ഉപയോഗിക്കാനായിരുന്നു തീരുമാനം. നിയമം ലംഘിക്കുന്നതിന്റെ പേരില്‍ ജയിലില്‍ പോകണമെങ്കില്‍ അതിനും തയ്യാറെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനു നിയന്ത്രണം ഏര്‍പ്പെടുത്തിയും സുരക്ഷ ഉറപ്പാക്കാനും ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. വെടിക്കെട്ടുപുരയുടെ പൂര്‍ണ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കായിരിക്കും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലേ വെടിക്കെട്ടുപുര തുറക്കാവൂ എന്നും വെടിക്കെട്ടുപുരയുടെ താക്കോല്‍ തഹസില്‍ദാര്‍ സൂക്ഷിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
സമ്മര്‍ദം ഈ രീതിയില്‍ ഉയര്‍ന്നതോടെയാണു നിരോധനം പിന്‍വലിക്കാന്‍ മന്ത്രി തന്നെ നേരിട്ട് ഇടപെട്ടത്. നിയമം പാലിക്കാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥരോടു വിശദീകരണം തേടാനാണു മന്ത്രിയുടെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha