തൃശൂര്‍ പൂരം പാരമ്പര്യപ്രകാരം തന്നെ നടത്താന്‍ സര്‍ക്കാര്‍ നീക്കം; ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി നാളെ തൃശൂരില്‍

പാരമ്പര്യപ്രകാരം തന്നെ തൃശൂര്‍ പൂരം നടത്താന്‍ സര്‍ക്കാര്‍ നീക്കം. പൂരം ആഘോഷപൂര്‍വം നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കരിമരുന്നു സൂക്ഷിക്കുന്നതിനുള്ള ചട്ടങ്ങള്‍ പാലിക്കണമെന്നാണ് നിര്‍ദേശിച്ചത്. ദേവസ്വം ഭാരവാഹികളുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍. നടത്തിപ്പ് സംബന്ധിച്ച വ്യക്തത ഇന്നുണ്ടാകുമെന്ന് കലക്ടര്‍ വി.രതീശന്‍ അറിയിച്ചു.. അതേസമയം, പൂരം നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വെള്ളിയാഴ്ച തൃശൂരിലെത്തും.
ജനവികാരം മാനിക്കണമെന്നും സര്‍വകക്ഷിയോഗം നടക്കാനിരിക്കെ ഉദ്യോഗസ്ഥ തീരുമാനം പാടില്ലായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് ജനവികാരം മനസ്സിലാക്കി വേണമായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വനംവകുപ്പ് മന്ത്രിയോ ചീഫ് കണ്‍സര്‍വേറ്റീവ് ഓഫിസറോ മുഖ്യമന്ത്രിയോ അറിയാതെ ഒരു ക്ലര്‍ക്കാണ് ആനകളെ എഴുന്നെള്ളിപ്പിന് ഇറക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് ഉത്തരവിറക്കിയത്. ഇതു അന്വേഷിക്കപ്പെടേണ്ടതാണെന്നും ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടു.
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ശബ്ദവെടിക്കെട്ടിന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം പൂരം വെടിക്കെട്ടു പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് ഇളവുതേടുന്നതിന് ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മുന്‍പു വെടിക്കെട്ടിനു സുപ്രീം കോടതി അനുമതി നല്‍കി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ നിയന്ത്രണവിധേയമായി പുലര്‍ച്ചെ വെടിക്കെട്ടു നടത്താന്‍ അനുമതി തേടിയാണ് നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha