വിമതയാക്കിയത് മറ്റാരുമല്ല, കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ്

മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എ ശോഭന ജോര്‍ജിനെ വിമതയാക്കിയത് മറ്റാരുമല്ല. കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ്. ചെങ്ങന്നൂര്‍ സീറ്റും ഒപ്പം കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗത്വവും ചോദിച്ചിട്ടു കൊടുത്തില്ല. ലീഡര്‍ കരുണാകരനൊപ്പം ഡി.ഐ.സിയില്‍ പോയതു തെറ്റാണെങ്കില്‍ തെറ്റു ഏറ്റു പറഞ്ഞു തിരിച്ചു വന്നതല്ലേ. കോണ്‍ഗ്രസ് വിട്ടു തിരികെ വരാത്തവര്‍ ആ പാര്‍ട്ടിയില്‍ കുറവല്ലേ. സാക്ഷാല്‍ കരുണാകരനും ആന്റണിയും പാര്‍ട്ടി വിട്ടു പോയി തിരികെ വന്നവരല്ലേ. എന്നിട്ടും തനിക്കു മാത്രം തിരികെ വന്നിട്ടു സീറ്റുമില്ല പാര്‍ട്ടിയില്‍ സ്ഥാനവുമില്ല. പിന്നെ എങ്ങിനെ ശോഭന വിമതയാകാതിരിക്കും?. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ എം എല്‍ എ കൂടിയായ പി. വിഷ്ണുനാഥിനെതിരെയാണ് ശോഭന ജോര്‍ജ് നില്ക്കുന്നത്. തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണം മണ്ഡലത്തിലെ വനിതാ വോട്ടര്‍മാരില്‍ നിന്നുമാണ് സമാഹരിച്ചത്. കൈ നീട്ടി വോട്ടും പണവും ചോദിച്ച ശോഭന ജോര്‍ജിന് വിജയ പ്രതീക്ഷ ഏറെയാണ്. ചെങ്ങന്നുര്‍കാര്‍ മൂന്ന് തവണ ശോഭന ജോര്‍ജിനെ നിയമസഭയിലേക്ക് നേരത്തെ അയച്ചിട്ടുണ്ട്. തന്റെ വിമത സ്ഥാനാര്‍ത്ഥിത്വം തന്നെ പരിഗണിക്കാത്തവര്‍ക്കുള്ള കടുത്ത പ്രതിഷേധമാണെന്നാണ് പറയുന്നത്. എന്നാല്‍ വിമത ശല്യം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ ബാധിക്കുകയില്ലെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ വിലയിരുത്തല്‍. പക്ഷെ ഇടത് പാര്‍ട്ടിയും ബിജെപിയും വിമതസ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ വോട്ടില്‍ വിള്ളല്‍ ഉണ്ടാക്കുമെന്നും അത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നുമുള്ള പ്രതീക്ഷയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha