നിനോ മാത്യുവും അനുശാന്തിക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് ലിജീഷ്

നാടിനെ നടുക്കിയ ഇരട്ട കൊലപാതകക്കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ലിജീഷ്. ഒരുമിച്ചു ജീവിക്കാനാണ് നിനോ മാത്യുവും അനുശാന്തിയും കൊടുംകൃത്യം നടപ്പാക്കിയത്. തെളിവെടുപ്പ് സമയത്തും പ്രതികള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നിരുന്നു.
സ്വന്തം ഭാര്യ തന്നെ മകളുടെയും അമ്മയുടെയും കൊലപാതകത്തിന് കാരണകാരിയാകുക എന്ന ഏറ്റവും ദൗര്‍ഭാഗ്യകരമായ സാഹചര്യം നേരിടുന്ന ലിജീഷ്, വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. കടുത്ത മാനസിക സമ്മര്‍ദത്തിനിടയിലും കോടതി വിധിയോടുളള പ്രതികരണം ലിജീഷ് മറച്ചുവച്ചില്ല.
അസ്ഥി മരവിപ്പിച്ച ഇരട്ട കൊലപാതകം നടത്തിയ ഒന്നാം പ്രതി നിനോ മാത്യുവിനും കൂട്ടാളി അനുശാന്തിക്കും നേരേ തെളിവെടുപ്പ് വേളയില്‍ ശക്തമായ ജനവികാരം ഉയര്‍ന്നിരുന്നു. നാട്ടുകാര്‍ക്ക് ഉള്‍ക്കൊളളാവുന്നതിലും അപ്പുറമായിരുന്നു കൊലപാതകവും അതിന് വഴിതെളിച്ച പശ്ചാത്തലവും.
കടല്‍ കടക്കും മുമ്പെ നിനോ മാത്യുവിനെ പിടിക്കാന്‍ സഹായിച്ചത് ലിജീഷ് നല്‍കിയ മൊഴിയും അതിനൊപ്പം ഉയര്‍ന്നുപ്രവര്‍ത്തിച്ച പൊലീസിന്റെ അതിവേഗ ഇടപെടലും. കൊലക്കു പിന്നാലെ ആലംകോട്ടെ സംഭവ സ്ഥലത്ത് ആദ്യമെത്തിയത് ആറ്റിങ്ങല്‍ സ്‌റ്റേഷനിലെ എഎസ്‌ഐ. രാധാകൃഷ്ണന്‍ നായരാണ്. പരുക്കേറ്റ ലിജീഷിനു പുറമെ രണ്ടുപേര്‍ അകത്തു കൊല്ലപ്പെട്ടിട്ടുണ്ടെന്നറിഞ്ഞതോടെ പൊലീസ് ഉണര്‍ന്നു. ഡിവൈഎസ്പി. ആര്‍. പ്രതാപന്‍നായര്‍, സിഐ. എം. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ പൊലീസ് സന്നാഹവും ആലംകോട്ടേക്കു കുതിച്ചെത്തി. റൂറല്‍ എസ്പി. രാജ്പാല്‍മീണ പിന്നാലെയെത്തി.
നിനോയുടെ മൊബൈല്‍ നമ്പര്‍, കാറിന്റെ നമ്പര്‍ എന്നിവയാണ് ആദ്യം പൊലീസിനു ലഭിച്ചത്. മൊബൈല്‍ സ്വിച്ച്ഡ് ഓഫ്. ഡിവൈഎസ്പിയുടെ െ്രെകംസ്‌ക്വാഡിലെ ഒരുസംഘം കാറിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ ഇന്റര്‍നെറ്റില്‍ ഉടന്‍ തപ്പി വിലാസവും ഫോട്ടോയും ഉള്‍പ്പെടെ വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കി. കാര്‍ തപ്പാന്‍ എല്ലായിടത്തേക്കും നിര്‍ദേശം പാഞ്ഞു.
ദേശീയപാതയിലും എംസി റോഡിലും പൊലീസ് അലര്‍ട്ടായി. അടുത്തുളള പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നൊക്കെ പൊലീസ് സംഘം കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലേക്കും ഇയാളുടെ കരിമണലിലെ വീട്ടിലേക്കുമൊക്കെ പാഞ്ഞുകഴിഞ്ഞിരുന്നു. ഈ സമയം ആലംകോട്ടുനിന്നും കഴക്കൂട്ടത്തേക്കുളള യാത്രയിലും തുടര്‍ന്നു വീട്ടിലുമെത്തിയിരുന്നു നിനോ.
ലിജീഷും മരിച്ചിട്ടുണ്ടാകും എന്നുതന്നെയായിരുന്നു സ്ഥലത്തുനിന്നു രക്ഷപ്പെടുമ്പോള്‍ നിനോയുടെ ധാരണ. എന്നാല്‍ വീട്ടിലെത്തിയതോടെയാണു ലിജീഷ് മരിച്ചിട്ടില്ലെന്നു വ്യക്തമാകുന്നത്. ഇതോടെ പാസ്‌പോര്‍ട്ട് അടക്കമുളളവയുമായി രക്ഷപ്പെടാനുളള ശ്രമത്തിനിടെ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പൊലീസ് സംഘം വീടു വളഞ്ഞ് ഇയാളെ പൊക്കുകയായിരുന്നു. അപ്പോള്‍ അവിടെ അഭിഭാഷകനെന്ന് അവകാശപ്പെടുന്ന ഒരാളുണ്ടായിരുന്നു.
നിനോയെ ചോദ്യം ചെയ്തതോടെയാണ് അനുശാന്തിയുടെ റോളിലേക്കു പൊലീസിനു സംശയം ബലപ്പെട്ടത്. മകള്‍ മരിച്ചിട്ടും സ്വന്തം വീട്ടിലേക്കു പോലും പോകാതെ മാമത്തെ കുടുംബ വീട്ടില്‍ അഭയം തേടിയ അനുശാന്തിയെ അവിടെനിന്നും സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു നാടിനെയും മാതൃത്വത്തെയും നടുക്കിയ കൂട്ടക്കൊലയുടെ ചുരുളുകള്‍ അഴിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























