പൂരപ്രേമികള്‍ക്ക് ആവേശമായി തൃശൂര്‍ പൂരം, വിസ്മയമായി ഇലഞ്ഞിത്തറമേളം

പൂരപ്രേമികള്‍ക്ക് ആവേശമായി തൃശൂരില്‍ പൂരം കൊട്ടിക്കയറുന്നു. ഘടകപൂരങ്ങള്‍ വടക്കുംനാഥ സന്നിധിയിലേക്കെത്തിയതോടെ തൃശൂര്‍ പൂരലഹരിയിലായി. ചെറുപൂരങ്ങള്‍ക്കു തുടക്കമിട്ടു രാവിലെ ഏഴരയോടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി. ഏഴരയോടെതന്നെ തിരുവമ്പാടി ഭഗവതി, ക്ഷേത്രത്തിനു പുറത്തേക്കെഴുന്നള്ളി. ഇതേസമയം, ചെറുപൂരങ്ങള്‍ ഒന്നൊന്നായെത്തി വടക്കുന്നാഥനെ വണങ്ങി. പനമുക്കുംപിള്ളി ശാസ്താവ്, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കാട്ടുകാവ്, അയ്യന്തോള്‍,നെയ്തലക്കാവ് ഭഗവതിമാരുടെ ക്ഷേത്രങ്ങളില്‍നിന്നുള്ള എഴുന്നള്ളിപ്പുകള്‍ കൂടിയെത്തിയതോടെ പൂരം അതിന്റെ ഉച്ചസ്ഥായിയിലെത്തി. 11.15 നായിരുന്നു പ്രശസ്തമായ മഠത്തില്‍വരവ്. 12നു പാറമേക്കാവ് ഭഗവതി 15 ആനകളുമായി പുറത്തേക്ക് എഴുന്നള്ളി. രണ്ടുമണിയോടെ പ്രശസ്തമായ ഇലഞ്ഞിത്തറ മേളത്തിനു തുടക്കമായി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മൂന്നൂറോളം കലാകാരന്മാര്‍ തീര്‍ക്കുന്ന പാണ്ടിമേളത്തിന്റെ മേളവിസ്മയത്തിനു സാക്ഷികളാകാന്‍ ആയിരങ്ങളാണ് എത്തിയത്. ഇത് നാല്‍പതാം തവണയാണ് കുട്ടന്‍മാരാര്‍ തൃശൂര്‍ പൂരത്തിനു മേളപെരുക്കം തീര്‍ക്കുന്നത്. നാലരയോടെ വടക്കുന്നാഥനെ ഇരുഭഗവതിമാരും പ്രദക്ഷിണംവച്ചു വണങ്ങും. ഇരുവിഭാഗത്തിന്റെയും മേളം സമാപിച്ച് ആനകള്‍ തെക്കേഗോപുരനടയിലൂടെ തെക്കോട്ടിറങ്ങും. തുടര്‍ന്നു പ്രശസ്തമായ തെക്കോട്ടിറക്കം നടക്കും. പാറമേക്കാവിന്റെ ആനകള്‍ പ്രദക്ഷിണ വഴിയിലേക്കിറങ്ങി കോര്‍പറേഷന്‍ ഓഫീസിനു മുന്‍വശത്തുള്ള രാജാവിന്റെ പ്രതിമയ്ക്കരികില്‍ പോയി തിരികെ സ്വരാജ് റൗണ്ടില്‍ വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിന് അഭിമുഖമായി നിരക്കും. അപ്പോഴേക്കും തിരുവമ്പാടി വിഭാഗത്തിന്റെ ആനകള്‍ തെക്കേഗോപുരനടയില്‍ നിലകൊള്ളും. തുടര്‍ന്നാണു ലോകപ്രശസ്തമായ കുടമാറ്റം.രാത്രി ഏഴരയോടെ തിരുവമ്പാടിയുടെ ചെറിയതോതിലുള്ള വെടിക്കെട്ട് നടക്കും. മറ്റു ചടങ്ങുകള്‍ക്കു ശേഷം പുലര്‍ച്ചെ തൃശൂര്‍ പൂരത്തിന്റെ പ്രധാന വെടിക്കെട്ട് നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha