സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് മധുപാല്‍

കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തന ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെച്ച് മധുപാല്‍. സംസ്ഥാനത്ത് ഭരണതലത്തില്‍ ഉണ്ടായ മാറ്റത്തെ തുടര്‍ന്നാണ് രാജി. കഴിഞ്ഞ 4 വര്‍ഷ കാലയളവില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡിനെ കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം.ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ധനസഹായം ഉയര്‍ത്താനായതാണ് ഇക്കാലയളവിലെ പ്രധാന നേട്ടമായി അദേഹം ചൂണ്ടിക്കാണിച്ചത്.
4000 രൂപയായിരുന്ന പെന്‍ഷന്‍ 5000 ആയി വര്‍ധിപ്പിച്ചതും 1100 രൂപയായിരുന്ന കുടുംബ പെന്‍ഷനും അവശതാ പെന്‍ഷനും 500 രൂപ വര്‍ധിപ്പിച്ച് 1600 ആക്കി മാറ്റാനും കഴിഞ്ഞിരുന്നു. 2026 ഏപ്രില്‍ മാസത്തില്‍ മാത്രം 4600 പേര്‍ക്ക് 5000 രൂപ വീതം പെന്‍ഷനും 375 പേര്‍ക്ക് 1600 രൂപ വീതം അവശതാ പെന്‍ഷനും വിതരണം ചെയ്തിട്ടുണ്ട്. മറ്റ് ധനസഹായങ്ങളും ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. വിവാഹ ധനസഹായം 25,000 രൂപയില്‍ നിന്ന് 50,000 ആക്കി. ഒന്നര ലക്ഷമായിരുന്ന ചികിത്സ ധനസഹായം രണ്ട് ലക്ഷമായും പതിനായിരം രൂപയായിരുന്ന മരണാനന്തര ധനസഹായം 25,000 ആക്കാനും ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ടെന്ന് അദേഹം പറയുന്നു. ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നുമാണ് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത്.
സിനിമ ടിക്കറ്റന്മേല്‍ ലഭിക്കുന്ന 3 രൂപ സെസ്സും അംഗങ്ങളില്‍ നിന്ന് പിരിക്കുന്ന അംശദായവുമാണ് ബോര്‍ഡിന്റെ പ്രധാന വരുമാന സ്രോതസ്. 2022ല്‍ കരുതല്‍ ധനമായി ഉണ്ടായിരുന്ന 23,45,035 രൂപ ഈ വര്‍ഷം 75,72,572 രൂപയായി ഉയര്‍ത്താനായിട്ടുണ്ട്. അംഗങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ പുതുതായി ചേര്‍ന്നത് 2245 പേരാണ്. ഇതോടെ മൊത്തം അംഗസംഖ്യ 20,592 ആയി ഉയര്‍ന്നു. അംഗങ്ങളുടെ പെന്‍ഷന്‍ കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും ഇക്കാലയളവിലാണ്. എടുത്തുപറയേണ്ട മറ്റൊരു പ്രധാന മാറ്റം ബോര്‍ഡ് നടപടികളുടെ ഡിജിറ്റലൈസേഷനാണ്. വിവിധ പെന്‍ഷനുകള്‍, അപേക്ഷകള്‍, ധനസഹായങ്ങള്‍ എന്നിവയെല്ലാം ഇനി ഓണ്‍ലൈനായി തന്നെ അപേക്ഷിക്കാം. ഇതോടെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമായി മാറ്റാനായെന്ന് മധുപാല്‍ പറഞ്ഞു.
കലാകാരന്മാരെ ചേര്‍ത്തു നിര്‍ത്തുന്നതിന് എക്കാലവും മുന്‍തൂക്കം നല്‍കുന്ന നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി മറ്റ് പെന്‍ഷനുകള്‍ ലഭിക്കാത്ത കലാകാരന്മാര്‍ക്ക് 60 വയസിന് ശേഷവും ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ രൂപീകരിക്കുകയും നിലനില്‍ക്കുന്നവ ലഘൂകരിക്കുകയും ചെയ്തതും ഈ കാലയളവിലെ പ്രധാന മാറ്റമായി എടുത്തുകാണിക്കാം. 202122 മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലയളവില്‍ പെന്‍ഷന്‍ ഇനത്തില്‍ തൊണ്ണൂറ് കോടിയിലധികവും മറ്റ് ധനസഹായങ്ങള്‍ക്കായി അഞ്ച് കോടിയിലധികവും തുക ചിലവാക്കിയിട്ടുണ്ടെന്ന് മധുപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















