അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സം... ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങി യുവാവ് മരിച്ചു...

അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങി യുവാവ് മരിച്ചു. പനിയും ശ്വാസതടസ്സവും മൂലം ഗുരുതരാവസ്ഥയിലായ വെള്ളമാരി ഉന്നതി സ്വദേശി സജീവ് കുമാറാണ് ചികിത്സ വൈകിയതിനെത്തുടർന്ന് മരണപ്പെട്ടത്.
വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് സജീവ് കുമാറിനെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ചുരത്തിലെത്തിയത്. എന്നാൽ മരം വീണതിനെത്തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം ആംബുലൻസ് അവിടെ കുടുങ്ങിപ്പോയി. പിന്നീട് മരം മുറിച്ചുമാറ്റിയ ശേഷം യാത്ര തുടർന്നുവെങ്കിലും തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും യുവാവ് മരണത്തിന് കീഴടങ്ങിയിരുന്നു. അല്പം നേരത്തെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സജീവ് കുമാറിന്റെ ജീവൻ രക്ഷിക്കാമായിരുന്നു.
അട്ടപ്പാടി മേഖലയിലെ ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെടാനായി പ്രധാനമായും ആശ്രയിക്കുന്ന ഏക വഴിയിലെ ഈ യാത്രാ തടസ്സം വലിയ പ്രതിസന്ധിയാണ്. മഴക്കാലമാകുമ്പോൾ ചുരത്തിൽ മരം വീണും മറ്റും ഗതാഗതം തടസ്സപ്പെടുന്നത് പതിവ് സംഭവമാണ്.
https://www.facebook.com/Malayalivartha


























