അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ അമ്മയ്ക്ക് കൈമാറി

കോഴിക്കോട്ടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നവജാത ശിശു വീണ്ടും സ്വന്തം അമ്മയുടെ മടിത്തട്ടിലേക്ക്. കുഞ്ഞിന്റെയും അമ്മയുടെയും ഡിഎന്‍എ ഫലം ഒത്തു വന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിന്റെയും അമ്മയുടെയും ഡിഎന്‍എ പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ ജില്ലാ ശിശുസംരക്ഷണ വിഭാഗവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും നിയോഗിച്ച ഉദ്യോഗസ്ഥര്‍ അമ്മയുടെ കഴിഞ്ഞ ദിവസം താമസസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.
കുഞ്ഞിനെ കൈമാറും മുന്‍പ് കുടുംബത്തിലെ സാഹചര്യം പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ അമ്മയ്ക്കു കൈമാറിയത്. മാര്‍ച്ച് 4ന് ആണ് കോഴിക്കോട് നഗരത്തിലെ ആശുപത്രിയില്‍ കോഴിക്കോട് സ്വദേശി കുഞ്ഞിനു ജന്മം നല്‍കിയത്. 12ന് വൈകിട്ട് ആശുപത്രിയില്‍നിന്ന് ഇറങ്ങി. കുട്ടിയെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴില്‍ കോഴിക്കോട് ബീച്ച് ഗവ.ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ നല്‍കിയ യുവതി 48 ദിവസത്തിനു ശേഷമാണ് കുഞ്ഞിനെ തിരിച്ചു ലഭിക്കണമെന്ന ആവശ്യവുമായി എത്തിയത്.
തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായി വെള്ളയില്‍ പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ അമ്മത്തൊട്ടിലില്‍ രണ്ടു കുഞ്ഞുങ്ങള്‍ എത്തിയതായി പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha

























