നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക വികസന പാക്കേജ് ; മികച്ച സ്ഥാപനങ്ങളിൽ പഠന സൗകര്യം ഒരുക്കും; ഇതിന്റെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കുമെന്നും മന്ത്രി കെ.എ തുളസി

നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക വികസന പാക്കേജ് അനുവദിച്ച് നടപ്പിലാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി.
ഭവന നിർമ്മാണത്തിനായി സ്വന്തമായി സ്ഥലം ഇല്ലാത്ത ഗോത്രവർഗ്ഗ വിഭാഗക്കാർക്ക് സ്ഥലവും വീടും നൽകുന്ന പദ്ധതി ഈ വർഷം തന്നെ നടപ്പിലാക്കും . നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്കൂളിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'വികാസ് വിഷൻ 2040' സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഗോത്രവർഗ്ഗ വിഭാഗം അവശ്യ രേഖാ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു.
നിലമ്പൂർ മേഖലയെ അറിയാതെ പോലും വികസന പദ്ധതികളിൽ നിന്ന് വിട്ടു പോകില്ലെന്നും പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങാതെ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ ഗോത്ര മേഖലയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട്, വിദ്യാർഥികൾക്ക് പഠന മുറികൾ തുടങ്ങിയ സൗകര്യങ്ങളൊരുക്കും. നിലമ്പൂരിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നിർമിക്കുമെന്നും വകുപ്പിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാലാനുസൃത കോഴ്സുകൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ഗോത്രവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികളുടെ മുന്നേറ്റത്തിനായി വിപുലമായ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. വിദേശത്ത് പഠിക്കാൻ താല്പര്യമുള്ള എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്കായി 'ഉന്നതി സ്കോളർഷിപ്പ്' പദ്ധതി നടപ്പിലാക്കുമെന്നും ഇതിനായി തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച സ്ഥാപനങ്ങളിൽ പഠന സൗകര്യം ഒരുക്കുമെന്നും ഇതിന്റെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























