മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട റപ്പലിങ് ഇന്‍സ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി

ചെറുപുഴ മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ റപ്പലിങ് ഇന്‍സ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ് ഭവനില്‍ ആര്‍. രാജേഷിന്റെ (36) മൃതദേഹമാണ് പുഴയ്ക്ക് നടുവിലെ തുരുത്തില്‍നിന്ന് ലഭിച്ചത്. അഡ്വഞ്ചര്‍ ടൂറിസം സംരംഭകര്‍ക്ക് ക്ലാസ് എടുക്കുന്ന രാജേഷ് നീന്തലിലും വിദഗ്ധനായിരുന്നു രാജേഷ്. വെള്ളത്തില്‍ തണുത്ത് ശരീരം കോച്ചിപ്പിടിച്ചതാവാം നീന്താനാവാതെ പോയതിനു കാരണമെന്നാണ് സംശയിക്കുന്നത്.
ചെറുപുഴ പഞ്ചായത്തിലെ മീന്‍തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടയിലാണ് രാജേഷ് ഒഴുക്കില്‍പ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള മീന്‍തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടയിലാണ് അപകടമുണ്ടായത്. പുഴയ്ക്ക് ഇക്കരെ എത്താറായപ്പോള്‍ കയറില്‍നിന്ന് പിടിവിട്ട് ഒഴുക്കില്‍പ്പെടുകയായിരുന്നു.
തുരുത്തില്‍ ഒരാള്‍ ഒറ്റപ്പെട്ടതായി അറിഞ്ഞതോടെയാണ് മീന്‍തുള്ളി വാട്ടര്‍ ഫാള്‍സിലെ റപ്പല്ലിങ് ഇന്‍സ്ട്രക്ടറായ രാജേഷും സുഹൃത്തുക്കളായ ഷിബിനും ജിതിനും ചേര്‍ന്ന് കരകവിഞ്ഞൊഴുകുന്ന പുഴ നീന്തി തുരുത്തില്‍ എത്തിയത്. ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയടക്കമുള്ളവ ധരിച്ചിരുന്നു. എന്നാല്‍, രാജേഷ് സ്വന്തം ലൈഫ് ജാക്കറ്റ് ഊരി തുരുത്തില്‍നിന്ന് രക്ഷിച്ചുകൊണ്ടുവരികയായിരുന്ന ബെന്നിയെ ധരിപ്പിച്ചു. തുടര്‍ന്ന് കയറില്‍ പിടിച്ച് പുഴ കുറുകെ കടക്കുകയായിരുന്നു. കരയുടെ ഭാഗത്ത് എത്താറായപ്പോള്‍ രാജേഷ് കയറില്‍നിന്ന് പിടിവിട്ടു. നീന്താന്‍ ശ്രമിച്ചെങ്കിലും മുങ്ങിപ്പോവുകയായിരുന്നു.
https://www.facebook.com/Malayalivartha
























