മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി

മഴ ശമിച്ചതോടെ അഞ്ചുദിവസത്തിനുശേഷം ദൗത്യം പൂര്‍ത്തിയാക്കി പത്തനംതിട്ടയ്ക്ക് കാവലായെത്തിയ കടലിന്റെ മക്കള്‍ രക്ഷപ്രവര്‍ത്തനത്തിനുശേഷം നാട്ടിലേക്കുമടങ്ങി. കൊല്ലത്തുനിന്നും ആലപ്പുഴയില്‍നിന്നുമായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളാണ് ദൗത്യം പൂര്‍ത്തിയാക്കി നാട്ടിലേക്കുമടങ്ങിയത്.
ഒന്‍പത് ബോട്ടുകളിലായാണ് നിരവധി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലെ ദുരിതബാധിത മേഖലകളിലെത്തിയത്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും ദുരിതാശ്വാസ സാമഗ്രികളെത്തിക്കുന്നതിനുമെല്ലാം ഇവര്‍ സജീവമായി പങ്കെടുത്തു. ദുരിതത്തിലായ നിരവധി കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായമെത്തിക്കാനും സാധിച്ചു.
'ബോട്ടിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും കാര്യമാക്കുന്നില്ല. ദുരിതത്തിലായ ആളുകളെ സഹായിക്കാന്‍ കഴിഞ്ഞതിലാണ് സന്തോഷം. 2018ലും ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. ഇനിയൊരിക്കലും ഇത്തരം സാഹചര്യമുണ്ടാകരുതെന്നാണ് പ്രാര്‍ഥന. എന്നാല്‍, അങ്ങനെയൊരു സാഹചര്യം വീണ്ടുമുണ്ടായാല്‍ ഞങ്ങള്‍ ഉറപ്പായും ബോട്ടുമായെത്തും', മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന്‍ പറഞ്ഞു.
2018ലെ പ്രളയകാലത്തും മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അന്നും ബോട്ടുകളുമായി ദുരിതബാധിത മേഖലകളിലെത്തിയ അവര്‍ നിരവധിപേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഇത്തവണയും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായവര്‍ക്കൊപ്പം അതേ കരുതലോടെ അവര്‍ നിലകൊണ്ടു.
https://www.facebook.com/Malayalivartha

























