കെ എഫ് സി വഴി സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി വ്യവസായങ്ങള്‍ക്ക് അഞ്ചുകോടി രൂപ വരെ 6 ശതമാനം പലിശനിരക്കില്‍ വായ്പയായി നല്‍കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം തൈക്കാടുള്ള ലെമണ്‍ ട്രീ പ്രീമിയര്‍ ഹോട്ടലിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്തുടനീളം വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് നവീകരിച്ച സംരംഭകത്വ വികസന പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. കെ എഫ്‌സിയെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ധനകാര്യ സ്ഥാപനമായി മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിലൂടെ 6 ശതമാനം വാര്‍ഷിക പലിശനിരക്കില്‍ ലഭിച്ചിരുന്ന പരമാവധി വായ്പ 2 കോടി രൂപ ആയിരുന്നെകില്‍ ഇപ്പോള്‍ അത് 5 കോടി രൂപയായി ഉയര്‍ത്തുകയാണ്. മുഖ്യ പ്രൊമോട്ടറുടെ പ്രായപരിധി 50 വയസില്‍ നിന്നും 60 വയസായി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാരുടെ അനുഭവപരിചയം സമൂഹത്തിന് ഗുണകരമാകണമെന്നാണ് സര്‍ക്കാരിന്റെ നയം. ഇത്തരത്തില്‍ സില്‍വര്‍ എക്കോണമിയെ ശക്തിപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ സീനിയര്‍ സിറ്റിസണ്‍ വകുപ്പ് രൂപീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ പരിധി 50 കോടി രൂപയില്‍ നിന്നും 100 കോടി രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ എഫ് സി നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി നിലവിലെ 9080 കോടി രൂപയില്‍ നിന്നും പതിനായിരം കോടിയിലേയ്‌ക്കെത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നിരവധി നൂതനമായ ആശയങ്ങളുമായാണ് ചെറുപ്പക്കാര്‍ വരുന്നത്. അവര്‍ക്ക് പിന്തുണ നല്‍കുന്ന തരത്തിലുള്ള പദ്ധതികള്‍ ഇനിയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെക്കുറിച്ച് നിക്ഷേപകരുടെ കാഴ്ചപ്പാട് മാറിവരികയാണ്. നിരവധി നിക്ഷേപകര്‍ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ക്ക് കെ എഫ് സി പോലെയുള്ള സ്ഥാപനം വഴി ഇനിയും പദ്ധതികള്‍ ആവിഷ്‌കരിക്കും. കെഎഫ്‌സിയുടെ മികച്ച ബ്രാഞ്ചുകള്‍ക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. വിദേശരാജ്യങ്ങളില്‍ മലയാളികള്‍ക്കുണ്ടായിരുന്ന തൊഴിലവസരങ്ങള്‍ കുറഞ്ഞുവരികയാണെന്നും അതിനാല്‍ കേരളത്തിലുള്ളവര്‍ക്ക് കേരളത്തില്‍ത്തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും ചടങ്ങില്‍ ആധ്യക്ഷം വഹിച്ച ആരോഗ്യ, ദേവസ്വം, കുടുംബക്ഷേമവകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. മുതലിനേക്കാള്‍ കൂടുതല്‍ പലിശ വാങ്ങുന്ന ധനകാര്യസ്ഥാപനങ്ങള്‍ ഉള്ള ഒരു കാലത്ത് 6 ശതമാനം പലിശനിരക്കില്‍ വ്യവസായങ്ങള്‍ക്ക് വായ്പ ലഭിക്കുന്നു എന്നത് ഒരു വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ നിലവില്‍ കെ എസ് ആര്‍ ടി.സിയുടെ എഞ്ചിന്‍ ആണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണ്‍ പറഞ്ഞു. ഒരു വ്യവസായം എന്ന നിലയില്‍ കെ എസ് ആര്‍ ടിസിയ്ക്ക് നിലനില്‍ക്കാനും മെച്ചപ്പെട്ട രീതിയില്‍ വളരാനും സഹായകമായത് കെഎഫ്‌സി വഴി അനുവദിച്ച വായ്പയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ.എഫ്.സിയുടെ തിരഞ്ഞെടുത്ത സംരംഭകര്‍ക്കുള്ള പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍, പിങ്ക് കാര്‍ഡുകളുടെ വിതരണം നടത്തി. കെ.എഫ്.സി മാനേജിംഗ് ഡയറക്ടര്‍ ഉമേഷ് എന്‍.എസ്.കെ ഐ.എ.എസ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ ഐ.എ.എസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ. ആര്‍ ക്ലീറ്റസ് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെ.എഫ്.സി ജനറല്‍ മാനേജര്‍ രഞ്ജിത് കുമാര്‍ ഇ. ആര്‍ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha
























