മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലും നിര്‍മ്മാതാവെന്ന നിലയില്‍ ആന്റണി നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര മോഹന്‍ലാല്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുചിത്ര.
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ആന്റണി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് സുചിത്ര പറഞ്ഞു. സഹോദരനെപ്പോലെയാണ് ആന്റണിയെ കാണുന്നതെന്ന് മോഹന്‍ലാല്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. താനും ആന്റണിയും ഒരേ വര്‍ഷമാണ് മോഹന്‍ലാലിന്റെ ജീവിതത്തിലേക്ക് എത്തിയത്. വിവാഹശേഷം 'മൂന്നാം മുറ'യുടെ ചിത്രീകരണ കാലത്താണ് ആന്റണിയെ ആദ്യമായി കാണുന്നതെന്നും അവര്‍ ഓര്‍ത്തെടുത്തു.
ഷൂട്ടിംഗിനിടെ തന്നെ കൂട്ടിക്കൊണ്ടുവരാന്‍ മോഹന്‍ലാല്‍ ആന്റണിയെയാണ് അയച്ചത്. അന്നായിരുന്നു ആദ്യ കൂടിക്കാഴ്ച. പിന്നീട് ആന്റണിയെ ഒപ്പം കൂട്ടാമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ താന്‍ സമ്മതിക്കുകയായിരുന്നെന്നും സുചിത്ര പറഞ്ഞു. അങ്ങനെ ഒരേ വര്‍ഷം തന്നെ താനും ആന്റണിയും മോഹന്‍ലാലിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും സുചിത്ര വ്യക്തമാക്കി.
മോഹന്‍ലാലിന് പലപ്പോഴും നേരിട്ട് പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ പോലും ആന്റണി തുറന്നുപറയുമെന്നും സുചിത്ര പറഞ്ഞു. ഇക്കാര്യം പുറമേനിന്നുള്ളവര്‍ക്ക് അറിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 'ശിവന്റെ കഴുത്തിലെ പാമ്പിനെ പോലെയാണ് ആന്റണി' എന്ന് തന്റെ വീട്ടിലെ സഹോദരങ്ങള്‍ തമാശയായി പറയാറുണ്ടെന്നും സുചിത്ര പറഞ്ഞു. മോഹന്‍ലാലിന് 'നോ' പറയാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ആന്റണി അതിന് തയ്യാറാകുമെന്നും അവര്‍ വ്യക്തമാക്കി.
മോഹന്‍ലാലിന്റെ കാര്യങ്ങളില്‍ അദ്ദേഹം എത്രമാത്രം ശ്രദ്ധ പുലര്‍ത്തുന്നുവെന്നതും സുചിത്രയുടെ വാക്കുകളില്‍ വ്യക്തമാണ്. പല കാര്യങ്ങളിലും മോഹന്‍ലാലിന് പിന്നില്‍ ശക്തമായ പിന്തുണയായി ആന്റണി ഉണ്ടെന്നും അവര്‍ പറഞ്ഞു. ആന്റണിയെക്കുറിച്ച് ആളുകള്‍ക്ക് പലതരത്തിലുള്ള ധാരണകളുണ്ടാകാമെങ്കിലും മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും അദ്ദേഹത്തിനുള്ള സ്ഥാനം വളരെ വലുതാണെന്ന് സുചിത്ര വ്യക്തമാക്കി. 'ആന്റണി ഇല്ലാതെ ചേട്ടന് ഒന്നും പറ്റില്ല, അത്രയും അദ്ദേഹം ചേട്ടന്റെ പിറകിലുണ്ട്' സുചിത്ര കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























