അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്... രണ്ടാം സെമിഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം സെമിഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു.
ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ പ്രധാന താരങ്ങളെ നിലനിർത്തിയാണ് ഇന്നും രണ്ടു ടീമുകളും കളത്തിലിറങ്ങുന്നത്. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് മറ്റൊരു സെമി. ലക്ഷ്യ റായ്ന്ദാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് ബാറ്റിങ്ങിൽ പ്രധാന പ്രതീക്ഷ ഓപ്പണർ ആര്യവീർ സെവാഗിലാണ്. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ മകനായ ആര്യവീർ ടൂർണമെന്റിൽ മികച്ച ഫോമിലാണ്.
മൂന്ന് ഇന്നിങ്സുകളിൽ നിന്ന് 252 റൺസാണ് താരം നേടിയത്. യുഎഇക്കെതിരായ അവസാന മത്സരത്തിൽ 168 പന്തിൽ 160 റൺസ് നേടി ആര്യവീർ തിളങ്ങിയിട്ടുണ്ടായിരുന്നു. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാൾ അണ്ടർ 19 ടീമിനെയാണ് പരാജയപ്പെടുത്തിയത്.
ഇന്ത്യയുടേത് ആധികാരിക വിജയമായിരുന്നു. നേപ്പാളിനെ 128 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, 19.1 ഓവറിൽ കളി തീർക്കുകയായിരുന്നു. പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ പാകിസ്ഥാനോട് മൂന്നുവിക്കറ്റിന് പരാജയപ്പെടുകയും ചെയ്തു.
അഫ്ഗാനെതിരേ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അതേസമയം, ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് അഫ്ഗാനിസ്ഥാൻ സെമിയിലെത്തിയത്. ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ച അഫ്ഗാനിസ്ഥാനെ മറികടക്കാൻ ഇന്ത്യയ്ക്ക് ഇന്ന് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതായി വരും. മറ്റെന്നാളാണ് ടൂർണമെന്റിന്റെ ഫൈനൽ നടക്കുക.
"https://www.facebook.com/Malayalivartha

























