സങ്കടക്കാഴ്ചയായി... വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാൾ

സങ്കടക്കാഴ്ചയായി... വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. വിരമിച്ച വ്യോമസേനാ കോർപ്പറൽ ഉദ്യോഗസ്ഥൻ കോട്ടയം ഏറ്റുമാനൂർ തെള്ളകം കാക്കനാട്ട് വീട്ടിൽ ടൈറ്റസ് കുര്യൻ (65) ആണ് മരിച്ചത്. തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ ഡോക്ടറും ടൈറ്റസിന്റെ മകനുമായ ഡെന്നിസ് ടൈറ്റസും ബന്ധുക്കളും ചേർന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഞായറാഴ്ച വൈകുന്നേരം വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ടൈറ്റസ് കുര്യൻ കയ്യിൽ കരുതിയിരുന്ന വസ്ത്രങ്ങളുടെ കരിഞ്ഞ ഭാഗങ്ങൾ കാറിനുള്ളിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് ടൈറ്റസിൻ്റേതാണെന്ന് മകൻ സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്നലെ പുലർച്ചെ 5.10-ഓടെ വെങ്ങാനൂർ-പള്ളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മൃതി മണ്ഡപത്തിന് സമീപമായിരുന്നു അപകടം ഉണ്ടായത്. വെങ്ങാനൂർ വഴി പള്ളിച്ചൽ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ മുൻഭാഗത്ത് പെട്ടെന്ന് തീ പടരുകയായിരുന്നു. ഈസമയം ഭാര്യയോടൊപ്പം ബൈക്കിൽ വരികയായിരുന്ന ഒരു യുവാവ് കാറിന്റെ മുൻവശത്ത് തീപിടിക്കുന്നത് കണ്ട് ഡ്രൈവറെ വിളിച്ചെങ്കിലും വണ്ടി പിന്നോട്ട് ഉരുണ്ടുനീങ്ങി സമീപത്തെ മതിലിലിടിച്ച് തീ ആളിപ്പടരുകയായിരുന്നെന്ന് പോലീസിന് മൊഴി നൽകി.
https://www.facebook.com/Malayalivartha

























