അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കണ്ണൂരിലെ പാനൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദിനെയാണ് പാനൂര്‍ പൊലീസ് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പിടികൂടിയത്. നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ പാനൂരില്‍ ജോലി ചെയ്തുവരികയായിരുന്നു.
വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ പ്രതി അമ്മ വെള്ളമെടുക്കാന്‍ പോയ സമയത്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അമ്മ തിരിച്ചെത്തിയപ്പോള്‍ സംഭവം ശ്രദ്ധയില്‍പ്പെടുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ ആസാദ് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ കുട്ടിയുടെ അമ്മ പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രദേശവാസികള്‍ക്ക് പ്രതിയെ പരിചയമുണ്ടായിരുന്നതിനാല്‍ ഇയാളുടെ ഫോട്ടോ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ ആസാദ് തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇയാള്‍ ട്രെയിനില്‍ കയറി നാട്ടിലേക്ക് പോയതായും വ്യക്തമായി. തുടര്‍ന്ന് റെയില്‍വേ പൊലീസിന്റെ സഹായത്തോടെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
ഇതിനിടെ ആസാദ് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ഇറങ്ങിയതായി പൊലീസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചിരുന്നതിനാല്‍ പ്രതിയെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു. തുടര്‍ന്ന് പാനൂര്‍ പൊലീസ് രത്‌നഗിരിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് ആസാദിനെ പിടികൂടിയത്. പ്രതിയെ പാനൂരിലെത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























