പോലീസ് സ്റ്റേഷനുകളുടെ സുരക്ഷനോക്കുന്ന പാറാവ് ഡ്യൂട്ടിക്കാർ ഡ്യൂട്ടിസമയത്ത് മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കരുത്...

പോലീസ് സ്റ്റേഷനുകളുടെ സുരക്ഷനോക്കുന്ന പാറാവ് ഡ്യൂട്ടിക്കാർ ഡ്യൂട്ടിസമയത്ത് മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിച്ച് സമയംപോക്കരുത്. സ്റ്റേഷനിൽ അനാവശ്യമായി സംസാരിച്ചുനടക്കുന്നതും അലസമായി ഇരിക്കുന്നതുംകണ്ടാൽ നടപടിയുണ്ടാകും. മാത്രമല്ല കസ്റ്റഡിയിലുള്ള ആളോ പ്രതിയോ മർദനത്തിനോ മൂന്നാംമുറയ്ക്കോ വിധേയനായെന്ന് സംശയംതോന്നിയാൽ ഉടൻ ഡിവൈ.എസ്.പി.യെയോ ജില്ലാ പോലീസ് മേധാവിയെയോ അറിയിക്കണം. സ്റ്റേഷനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും കസ്റ്റഡി മർദനങ്ങൾ തടയുന്നതിന്റെയും ഭാഗമായാണ് നിർദേശങ്ങൾ നൽകിയിട്ടുള്ളത്.
ലോക്കപ്പുകളിൽ പ്രതികളുടെ സുരക്ഷ ഉറപ്പാക്കണം. ശാരീരികവും മാനസികവുമായ അവസ്ഥ പരിശോധിക്കുകയും വേണം. ലോക്കപ്പ് ആത്മഹത്യാ സാധ്യതകളില്ലാത്തതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഇതൊക്കെ പാറാവുകാരന്റെ ചുമതലയാണ്.
24 മണിക്കൂർ പാറാവ് ഡ്യൂട്ടിക്ക് മൂന്ന് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നുമുണ്ട്. നിലവിൽ പല സ്റ്റേഷനുകളിലും രണ്ട് ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. പുതിയ ഉത്തരവ് നടപ്പാക്കുമ്പോൾ ആൾക്ഷാമം കൂടുമെന്നും പരാതിയുണ്ട്. സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായിരിക്കും. ജില്ലാ പോലീസ് മേധാവിമാർ പാറാവ് ഡ്യൂട്ടി ഉൾപ്പെടെയുള്ള സ്റ്റേഷൻ സുരക്ഷ ഉറപ്പാക്കേണ്ടതാണ്. മിന്നൽപ്പരിശോധന അടക്കമുള്ളവ നടത്തണമെന്നും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയന്റെ ഉത്തരവിൽ പറയുകയും ചെയ്യുന്നു..
https://www.facebook.com/Malayalivartha



























