സഞ്ചാരിയായ യുവതിയെ സിപ്ലൈനില്‍ യാത്രയാക്കുന്നതിനിടെ താഴേക്ക് പതിച്ച് ഓപ്പറേറ്ററായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു...300 മീറ്ററോളം ദൂരം യുവതിയോടൊപ്പം സിപ്ലൈന്‍ കമ്പിയില്‍ തൂങ്ങിക്കിടന്നു..പക്ഷെ..

സഞ്ചാരികളുടെ പ്രിയകേന്ദ്രമായ റാണിപുരത്ത് കടുത്ത നടുക്കം സൃഷ്ടിച്ച് ദാരുണമായ അപകടം. സഞ്ചാരിയായ യുവതിയെ സിപ്ലൈനില്‍ യാത്രയാക്കുന്നതിനിടെ താഴേക്ക് പതിച്ച് ഓപ്പറേറ്ററായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതില്‍മാടിയിലെ കൃഷ്ണന്റെ മകന്‍ സനൂപ് (25) ആണ് അപകടത്തില്‍ മരിച്ചത്. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ പ്ര പ്രധാന ആകര്‍ഷണങ്ങളിലൊന്നായ സിപ്ലൈന്‍ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ നാടിനെ നടുക്കിയ സംഭവം നടന്നത്. സാഹസിക വിനോദത്തില്‍ ഏര്‍പ്പെടാന്‍ എത്തിയ സഞ്ചാരികളെ സുരക്ഷിതമായി കയറ്റി അയക്കുന്ന ചുമതലയിലായിരുന്നു സനൂപ്.
സിപ്ലൈനില്‍ സഞ്ചരിക്കാനായി എത്തിയ വിനോദസഞ്ചാരിയായ യുവതിയെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് യാത്രയാക്കാന്‍ തയാറെടുക്കുകയായിരുന്നു സനൂപ്. എന്നാല്‍ സിപ്ലൈന്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്നും മുന്നോട്ട് നീങ്ങിയ നിമിഷത്തില്‍ ഭയം കാരണം യുവതി അബദ്ധത്തില്‍ സനൂപിന്റെ കയ്യില്‍ ശക്തമായി കയറിപ്പിടിക്കുകയായിരുന്നു.സുരക്ഷാ ഉപകരണങ്ങളോ സ്വന്തമായി ബെല്‍റ്റോ ധരിക്കാതിരുന്ന സനൂപിന് യുവതിയുടെ അപ്രതീക്ഷിതമായ പിടിത്തത്തില്‍ നിന്ന് സ്വയം വേര്‍പെടാന്‍ കഴിഞ്ഞില്ല. ഇതോടെ യുവതിക്കൊപ്പം സനൂപും സിപ്ലൈനില്‍ തൂങ്ങി വായുവില്‍ മുന്നോട്ട് നീങ്ങുകയായിരുന്നു.
ഭയന്നുവിറച്ച യുവതിയെയും വായുവില്‍ തൂങ്ങിനില്‍ക്കുന്ന സനൂപിനെയും കണ്ട് താഴെ നിന്നവര്‍ നിലവിളിച്ചെങ്കിലും യാതൊരു രക്ഷാമാര്‍ഗവും അവിടെയുണ്ടായിരുന്നില്ല. സ്വന്തം ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞിട്ടും സനൂപ് കഴിവിന്റെ പരമാവധി പിടിവിടാതെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു.ഏകദേശം 300 മീറ്ററോളം ദൂരം യുവതിയോടൊപ്പം സിപ്ലൈന്‍ കമ്പിയില്‍ തൂങ്ങിക്കിടന്ന് ലാന്‍ഡിംഗ് പോയിന്റിന് സമീപം വരെ എത്താന്‍ സനൂപിന് സാധിച്ചു. എന്നാല്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ, കൈകളുടെ ശക്തിക്ഷയിച്ച് സനൂപ് പിടിവിട്ട് താഴെയുള്ള കൂറ്റന്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
വന്‍ ഉയരത്തില്‍ നിന്ന് താഴെയുള്ള പാറക്കെട്ടുകളും മരങ്ങളും നിറഞ്ഞ താഴ്ചയിലേക്ക് വീണ സനൂപിന് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്തുണ്ടായിരുന്ന ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തി.അപകടസ്ഥലത്തു നിന്നും ചോരയില്‍ കുളിച്ച നിലയില്‍ സനൂപിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























