ലൈക്കുകളും റീലുകളില്‍ ശ്രദ്ധയും നേടാനായി യുവാക്കളുടെ സാഹസം..നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് കിരീടം ധരിച്ച നിലയിലുള്ള ചിത്രങ്ങൾ.. യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു..

നിയമപരമായി കർശന സംരക്ഷണമുള്ള സസ്യമാണ് നീലക്കുറിഞ്ഞി. ഇത്തരം ഔഷധ-പരിസ്ഥിതി പ്രാധാന്യമുള്ള പൂക്കൾ പറിക്കുന്നതും ചെടികൾക്ക് കേടുപാടുകൾ വരുത്തുന്നതും ഗുരുതരമായ നിയമലംഘനമാണ്. സമൂഹമാദ്ധ്യമങ്ങളില്‍ ലൈക്കുകളും റീലുകളില്‍ ശ്രദ്ധയും നേടാനായി അപൂര്‍വ്വമായ നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് ചിത്രങ്ങള്‍ പങ്കുവച്ച യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. മൂന്നാര്‍ കുറ്റിയാര്‍ സ്വദേശിയും എറണാകുളം സ്വദേശിയുമായ യുവാക്കള്‍ക്കെതിരെയാണ് കടുത്ത നിയമനടപടി ആരംഭിച്ചിരിക്കുന്നത്.
റീലുകളിലും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലും വൈറലാകാന്‍ വേണ്ടി വനസമ്പത്ത് നശിപ്പിക്കുന്നവര്‍ക്കുള്ള കൃത്യമായ മുന്നറിയിപ്പാണ് വനംവകുപ്പിന്റെ ഈ നീക്കം.കയ്യില്‍ നീലക്കുറിഞ്ഞി പൂക്കളും തലയില്‍ നീലക്കുറിഞ്ഞി കൊണ്ട് ഉണ്ടാക്കിയ കിരീടവും (ഹെയര്‍ ക്രൗണ്‍) ധരിച്ച നിലയിലുള്ള ചിത്രങ്ങളാണ് യുവാക്കളിലൊരാള്‍ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചത്. അപൂര്‍വ്വ സസ്യമായ നീലക്കുറിഞ്ഞി വന്‍തോതില്‍ പറിച്ചെടുത്ത് അലങ്കാരവസ്തുവാക്കി മാറ്റിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ വൈറലായതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ട വനംവകുപ്പ് അധികൃതര്‍ അന്വേഷണത്തിലേക്ക്
കടന്നതും കേസ് രജിസ്റ്റര്‍ ചെയ്തതുംവന്യജീവി സംരക്ഷണ നിയമപ്രകാരം (ഷെഡ്യൂള്‍- 3) പ്രത്യേക സംരക്ഷണം നല്‍കിയിട്ടുള്ള അപൂര്‍വ്വ സസ്യയിനമാണ് നീലക്കുറിഞ്ഞി.ഇത്തരം വന്യസസ്യങ്ങളുടെ പൂക്കളോ ചെടികളോ പറിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ 25,000 രൂപ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തുന്നത്.
മൂന്നാര്‍ ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി പൂവിട്ട സമയം മുതല്‍ തന്നെ പൂക്കള്‍ പറിക്കുകയോ ചെടികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയോ ചെയ്യരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടവും വനംവകുപ്പും വിനോദസഞ്ചാരികള്‍ക്കും പ്രാദേശികവാസികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ ഔദ്യോഗിക നിര്‍ദ്ദേശങ്ങളെല്ലാം പൂര്‍ണ്ണമായും കാറ്റില്‍പ്പറത്തിയാണ് യുവാക്കള്‍ റീല്‍സ് ചിത്രീകരണത്തിനായി സസ്യങ്ങള്‍ നശിപ്പിച്ചത്.സംഭവത്തില്‍ ഫോം വണ്‍ കേസ് രജിസ്റ്റര്‍ ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യമായ മഹസ്സര്‍ തയ്യാറാക്കി കഴിഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ടും തയ്യാറാക്കിയ മഹസ്സറും വൈകാതെ തന്നെ കോടതി മുമ്പാകെ സമര്‍പ്പിക്കും. കേസില്‍ ഉള്‍പ്പെട്ട യുവാക്കള്‍ക്കായി വനംവകുപ്പിന്റെ പ്രത്യേക അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha



























