ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ . കുട്ടിയുടെ കുടുംബം മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അന്വേഷണം നടത്താൻ മന്ത്രിയുടെ നിർദ്ദേശം .
കുട്ടിയുടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ശരീരത്തിൽ തടിപ്പ് ഉണ്ടായി എന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ സൂചി കണ്ടെത്തിയത് എന്നുമാണ് കുടുംബം മന്ത്രിക്ക് നൽകിയ പരാതിയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ശരീരത്തിനുള്ളിലുണ്ടായിരുന്ന സൂചി പുറത്തെടുത്തതായും കുടുംബം മന്ത്രിയെ അറിയിച്ചു.
ചികിത്സയ്ക്കിടെയാണോ സൂചി കുട്ടിയുടെ ശരീരത്തിൽ എത്തിയതെന്നും സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.
കുടുംബം ഉന്നയിച്ച പരാതിയിലെ കാര്യങ്ങളിൽ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശിച്ചു. സംഭവത്തിന്റെ വസ്തുതകൾ പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ഡയറക്ടർക്ക് നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha

























