അരങ്ങുണരാൻ നേരമായി; 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള അടുത്ത മാസം 25 മുതല്‍ 31 വരെ; വേദിയാകുന്നത് കോഴിക്കോട് ; കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍

68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് (സ്‌കൂള്‍ ഒളിംപിക്‌സ്) ഇത്തവണ കോഴിക്കോട് വേദിയാകും. ഒക്ടോബര്‍ 25 മുതല്‍ 31 വരെ ഏഴ് ദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. കായികമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം കോഴിക്കോട് പ്രോവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) സിന്‍തെറ്റിക് ഗ്രൗണ്ടാണ് മേളയുടെ പ്രധാന വേദി. സംസ്ഥാന കലാകായിക മേളകള്‍ വിജയകരമായ നടത്തിയ പാരമ്പര്യമുള്ള ജില്ലയാണ് കോഴിക്കോട്. 15 വര്‍ഷത്തിനുശേഷം ജില്ലയിലേക്ക് തിരിച്ചെത്തിയ മേളയില്‍ മാറ്റുരയ്ക്കാനായി എത്തുന്ന കൗമാര കായിക താരങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും പ്രോത്സാഹനങ്ങളും കോഴിക്കോട്ടുകാര്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും ലഹരി താല്പര്യങ്ങളും തടയാന്‍ കായിക പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. കായിക മേഖലയിലൂടെ കുട്ടികളുടെ ശാരീരിക ക്ഷമത ഉറപ്പാക്കാനും നല്ലൊരു സംസ്‌കാരം വളര്‍ത്തിയെടുക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























