ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന് ഡിവൈഎസ്പി കെ.ജെ. ജോണ്സണ് വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..

തെളിവുകളില്ലാത്ത എത്രയോ ദുരൂഹ കേസുകള്‍ക്ക് അന്തിമവിധി എഴുതിയ പ്രഗത്ഭ കുറ്റാന്വേഷകന് ഡിവൈഎസ്പി കെ.ജെ. ജോണ്സണ് (57) വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് മുന്നിലെല്ലാം മികവുറ്റ അന്വേഷണങ്ങള്‍ കൊണ്ട് മറുപടി നല്കിയ ആ ധീര അന്വേഷകന്റെ വിയോഗത്തിലൂടെ, നിഷ്പക്ഷനായ ഒരു മികച്ച ഉദ്യോഗസ്ഥനെയാണ് കേരള പോലീസിന് നഷ്ടമായിരിക്കുന്നത്.
നിരവധി കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും കേരളം മുഴുവൻ ചർച്ച ചെയ്ത പാറശാല ഷാരോൺ വധക്കേസ് ആണ് അദ്ദേഹത്തിന്റെ കരിയറിലെ പൊൻതൂവലായി വിലയിരുത്തപ്പെടുന്നത്. കേരളം അതിനുമുമ്പ് കണ്ടിട്ടില്ലാത്ത വിധമുള്ള ഒരു കേസ് ആയിരുന്നു പാറശാലയിലെ ഷാരോൺ വധക്കേസ്. കാമുകനായിരുന്ന ഷാരോണിനെ ഗ്രീഷ്മ എന്ന പെൺകുട്ടി കഷായത്തിൽ മാരകമായ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണ രീതിയെ കോടതി അടക്കം അഭിനന്ദിച്ചിരുന്നു.
ദൃക്സാക്ഷികളില്ലാത്ത ഷാരോൺ വധക്കേസിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചാണ് അന്വേഷണസംഘം പ്രതിയെ പൂട്ടിയത്. ഈ കേസിൽ പ്രതികളെ ചോദ്യം ചെയ്തതും അന്വേഷണത്തിലെ നിർണായക തെളിവുകൾ കണ്ടെത്തിയതും ജോൺസൻ്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതി പലതവണ ശ്രമിച്ചെങ്കിലും ശാസ്ത്രീയ തെളിവുകളും മൊഴികളും കൂട്ടിയിണക്കി പ്രതിയെ പൂട്ടിയത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജോൺസന്റെ തന്ത്രപരമായ നീക്കമായിരുന്നു.
അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയ കേസാണ് എം.സി. ഗഫൂർ വധക്കേസ്.'പാത്തൂട്ടി'യുടെ ആത്മാവെന്ന പേരില്‍ ഉറഞ്ഞുതുള്ളി നാടിനെ ഭയപ്പെടുത്തിയ ജിന്നുമ്മ എന്ന ഷെമീനയെയും ഭര്‍ത്താവ് ഉബൈസ് ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തെയും ഡിസംബറില്‍ തെളിവുകള്‍ സഹിതം പൂട്ടി ജോണ്സണ് വീണ്ടും അന്വേഷണ വിസ്മയമായി.ആഭിചാരക്രിയകളുടെ മറവില്‍ ഗഫൂര്‍ ഹാജിയില്‍ നിന്ന് 596 പവന് സ്വര്‍ണം തട്ടിപ്പറിച്ച ശേഷം പ്രതികള്‍ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി.
സ്വര്‍ണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച ജിന്നുമ്മയും സംഘവും തട്ടിപ്പ് പുറത്താകാതിരിക്കാനാണ് ഈ ദാരുണ കൃത്യം നടത്തിയത്. ആരും കാണാതെ കുഴിച്ചുമൂടിയ തെളിവുകള്‍ ഒന്നൊന്നായി പുറത്തെടുത്ത് ആദ്യഘട്ടത്തിൽ വ്യക്തമായ തെളിവുകളൊന്നുമില്ലാതിരുന്ന കേസിൽ, കബറടക്കിയ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി തലയ്ക്കേറ്റ പരിക്ക് ഉൾപ്പെടെയുള്ള സൂചനകൾ കണ്ടെത്തി.ഒന്നരവര്‍ഷം നീണ്ട ദുരൂഹതയ്ക്കാണ് ജോണ്സണ് വിരാമമിട്ടത്. നീതിബോധമുള്ള ഒരു മികച്ച ഉദ്യോഗസ്ഥന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണ് കേരള പോലീസ്.
https://www.facebook.com/Malayalivartha

























