ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള നടപടിക്രമങ്ങളില്‍ പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്. ലേണേഴ്‌സ് ടെസ്റ്റ് വിജയിച്ച് 30 ദിവസം പൂര്‍ത്തിയായ ശേഷമായിരിക്കും ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് നടത്തുക. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. റോഡിലെ അപകടസാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയാനും അതനുസരിച്ച് പ്രതികരിക്കാനുമുള്ള ഡ്രൈവറുടെ കഴിവാണ് പുതിയ പരീക്ഷയിലൂടെ പരിശോധിക്കുന്നത്.
നിലവില്‍ ലേണേഴ്‌സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും പുറമെയാണ് ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ പരീക്ഷയില്‍ വിജയിച്ചാല്‍ മാത്രമേ ലൈസന്‍സ് ലഭിക്കൂ. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പ് ഉത്തരവ് പുറത്തിറക്കി. റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനം. തൃശൂരില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ പശ്ചാത്തലവും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം.
വീഡിയോ ഗെയിം മാതൃകയിലാണ് ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് നടത്തുക. പരീക്ഷയില്‍ പത്ത് വീഡിയോകളുണ്ടാകും. വീഡിയോ മുന്നോട്ടുപോകുന്നതിനിടെ വിവിധ ഘട്ടങ്ങളില്‍ അപകടസാധ്യതയുള്ള സാഹചര്യങ്ങള്‍ പ്രത്യക്ഷപ്പെടും. ഇത്തരം സാഹചര്യങ്ങള്‍ ഉദ്യോഗാര്‍ത്ഥി എത്ര വേഗത്തില്‍ തിരിച്ചറിയുന്നുവെന്നും എങ്ങനെ പ്രതികരിക്കുന്നുവെന്നുമാണ് പരിശോധിക്കുക.
പത്ത് വീഡിയോകള്‍ ഉള്‍പ്പെടുന്ന പരീക്ഷയ്ക്ക് ആകെ 100 മാര്‍ക്കാണ്. കുറഞ്ഞത് 60 മാര്‍ക്ക് നേടുന്നവര്‍ക്കാണ് പരീക്ഷയില്‍ വിജയിക്കാനാകുക. ലേണേഴ്‌സ് ടെസ്റ്റിന് ശേഷം 30 ദിവസം കഴിഞ്ഞായിരിക്കും പുതിയ പരീക്ഷയ്ക്ക് അവസരം ലഭിക്കുക. ലേണേഴ്‌സ് ടെസ്റ്റ്, ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവ വിജയിച്ചാല്‍ മാത്രമേ ഇനി ഡ്രൈവിംഗ് ലൈസന്‍സിന് അര്‍ഹതയുണ്ടാകൂ.
https://www.facebook.com/Malayalivartha


























