കൃഷ്ണപ്രിയയുടെ അച്ഛന്‍ പറയുന്നു : 'പെണ്‍മക്കളുടെ പീഡകരെ ജനത്തിന് വിട്ടു കൊടുക്കണം'

ആ ഹീറോ ആയ അച്ഛന്‍ ഇവിടുണ്ട് ആ പഴയ ഉശിരില്‍ത്തന്നെ. ജിഷയുടെ ദാരുണമൃത്യുവിനൊപ്പം ശങ്കരനാരായണന്‍ എന്ന അച്ഛനും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. 2001 ഫെബ്രുവരി ഒമ്പതിനാണു ശങ്കരനാരായണന്റെ പതിമൂന്നുകാരിയായ മകള്‍ കൃഷ്ണപ്രിയ ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേവര്‍ഷം ജൂലൈയില്‍ പ്രതി അഹമ്മദ് കോയ നാടന്‍തോക്കില്‍നിന്നു വെടിയേറ്റു കൊല്ലപ്പെട്ടു. ഈ കേസില്‍ ശങ്കരനാരായണനെ കീഴ്‌ക്കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ചെങ്കിലും പിന്നീടു ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ കുറച്ചുനാളുകളില്‍ ഇദ്ദേഹത്തെ തേടിയെത്തിയ കത്തുകള്‍ക്കു കണക്കില്ല. മിക്കവയും പ്രിയപ്പെട്ട അച്ഛാ എന്ന അഭിസംബോധനയില്‍ ആരംഭിക്കുന്നവ. ഈ സംഭവം പ്രമേയമാക്കി വൈരം എന്നൊരു സിനിമ എം.എം. നിഷാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുകയും ചെയ്തു.
പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്ന പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനു പകരം പൊതുജനമധ്യത്തില്‍ തുറന്നുവിടണമെന്നാണു ജിഷ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശങ്കരനാരായണന്റെ പ്രതികരണം.
അവരുടെ വിധി ജനം തീരുമാനിക്കണമെന്നും കൈകാലുകള്‍ വിഛേദിക്കണമെന്നും ഈ അച്ഛന്‍ പറയുമ്പോള്‍, അതു നീതിന്യായസംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ല, മറിച്ച് പെണ്‍മക്കളുടെ സുരക്ഷയോര്‍ത്ത് ഉള്ളുരുകുന്ന സാധാരണപൗരന്റെ സ്വാഭാവികപ്രതികരണം മാത്രമാണ്.
പ്രതികളെ കോടതിയില്‍ ഹാജരാക്കിയതുകൊണ്ടോ ദീര്‍ഘകാലത്തിനുശേഷം ശിക്ഷിച്ചതുകൊണ്ടോ ഇത്തരം പീഡനങ്ങള്‍ക്ക് അവസാനമാകില്ലെന്ന് ശങ്കരനാരായണന്‍ മംഗളത്തോടു പറഞ്ഞു. തന്റെ മകള്‍ ദാരുണമായി കൊല്ലപ്പെട്ട് ഇത്രകാലം പിന്നിട്ടശേഷവും പീഡനക്കേസുകള്‍ വര്‍ധിച്ചത് ശിക്ഷയുടെ അപര്യാപ്തതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. തെളിവുകളവശേഷിപ്പിക്കാതെ വ്യക്തമായ ആസൂത്രണത്തോടെയാണു പലപ്പോഴും പ്രതികള്‍ ഇത്തരം കൃത്യങ്ങള്‍ നടത്തുന്നത്.
അഥവാ, തെളിവുകള്‍ കണ്ടെത്തിയാലും കോടികള്‍ കൈയിലുണ്ടെങ്കില്‍ നിയമത്തിന്റെ പഴുതുകള്‍ അവര്‍ക്കു തുണയാകും. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടും ഇതുവരെ നടപ്പാക്കാത്തത് ഉദാഹരണമാണ്. ഇതിനു മാറ്റം വരണം.
രാഷ്ട്രീയം പറയുകയല്ലെന്ന മുഖവുരയോടെ ശങ്കരനാരായണന്‍ മറ്റു ചില അഭിപ്രായങ്ങള്‍കൂടി പങ്കുവച്ചു. സര്‍ക്കാര്‍ മദ്യോപയോഗം കുറച്ചത് മയക്കുമരുന്നും കഞ്ചാവും കൂടുതലായി ഉപയോഗിക്കാന്‍ കാരണമായെന്നതാണ് അതിലൊന്ന്. സ്വബോധത്തോടെ ഒരാള്‍ക്കു ചെയ്ാന്‍ കഴിയുന്നയ പീഡനക്കേസുകളല്ല കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത്തരം കേസുകളില്‍ 95 ശതമാനവും കഞ്ചാവിന്റെയോ മയക്കുമരുന്നിന്റെയോ പ്രേരണയിലാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊല്ലപ്പെടുമ്പോള്‍ ചാരങ്കാവ് പി.എം.എസ്.എ. ഹൈസ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ശങ്കരനാരായണന്റെ മകള്‍ കൃഷ്ണപ്രിയ. സ്‌കൂള്‍ വിട്ടുവരുമ്പോള്‍ അവളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം പ്രതി മഞ്ചേരി സ്വദേശി അഹമ്മദ് കോയ ആഭരണങ്ങളുമായി രക്ഷപ്പെട്ടു. പിറ്റേവര്‍ഷം ജൂലൈയില്‍ അഹമ്മദ് കോയ കൊല്ലപ്പെട്ടു.
അറസ്റ്റിലായ ശങ്കരനാരായണനു മഞ്ചേരി ഫസ്റ്റ്ക്ലാസ് കോടതി ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചു. എന്നാല്‍, പിന്നീടു തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി അദ്ദേഹത്തെ വെറുതേവിട്ടു. പ്രതി മുഹമ്മദ് കോയ സമൂഹത്തിനു ഭീഷണിയായ ക്രിമിനലാണെന്നു ഹൈക്കോടതിക്കു ബോധ്യപ്പെടുകയും ചെയ്തിരുന്നു. ഇയാളുടെ നീചപ്രവൃത്തികളില്‍ മനംനൊന്ത് ഭാര്യയും മാതാപിതാക്കളുംവരെ ഉപേക്ഷിച്ചുപോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha