അടുത്ത അധ്യയന വര്‍ഷം മുതല്‍ വയോജന പരിചരണ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കും: മുഖ്യമന്ത്രി

അടുത്ത അധ്യയന വര്‍ഷം മുതല്‍ മുതിര്‍ന്ന പൗരന്‍മാരെ പരിചരിക്കുന്നവര്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. വയോജന പരിചരണം മെച്ചപ്പെട്ടതും ശാസ്ത്രീയവുമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ 2026- 27 ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനായുള്ള 'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ 'കേരളം സില്‍വര്‍ ഇക്കോണമി' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയോജന പരിചരണ കോഴ്സുകള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി യുകെ, ജര്‍മ്മനി, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പാഠ്യപദ്ധതികള്‍ കേരളത്തിന്‍റെ സാഹചര്യത്തിനനുസരിച്ച് സംയോജിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതിയായ സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളേജുകള്‍ക്കും നഴ്സിംഗ് കോളേജുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ആറ് മാസത്തെ കോഴ്സും ഒരു വര്‍ഷത്തെ ഇന്‍റേണ്‍ഷിപ്പും അടങ്ങുന്ന ഈ സര്‍ട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങാവുന്നതാണ്. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കും
മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി നിലവില്‍ രോഗീപരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പുറമേ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയര്‍ സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയോജന പരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഡാറ്റാ ബേസ് തയ്യാറാക്കുന്ന നടപടികള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. വയോജന പരിചരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സംഘടനകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു ത്രിതല സഹകരണ സംവിധാനവും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
വയോജന സംരക്ഷണത്തില്‍ ലോകാരാഗ്യ സംഘടന നിര്‍ദേശിക്കുന്ന നിലവാരത്തിലുള്ള മാതൃക പ്രാവര്‍ത്തികമാക്കാനാണ് കേരളം തയ്യാറെടുക്കുന്നത്. ഈ കേരള മാതൃക മറ്റ് സംസ്ഥാനങ്ങള്‍ക്കും ദേശീയ തലത്തില്‍ തന്നെയും മാതൃകയാക്കാനാകും.
വിരമിച്ച അധ്യാപകരുടെയും വിദഗ്ധരുടെയും സേവനം പ്രയോജനപ്പെടുത്താനാകണം. യുവാക്കള്‍ ആരംഭിക്കുന്ന പുതിയ സംരംഭങ്ങളിലും സ്റ്റാര്‍ട്ടപ്പുകളിലും സാങ്കേതിക കാര്യങ്ങള്‍, മാനേജ്മെന്‍റ്, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ പരിചയസമ്പന്നരായ മുതിര്‍ന്ന ആളുകളെ ഉപദേഷ്ടാക്കളാക്കാനാകും.
ആരും ഒറ്റപ്പെടരുത് എന്നത് സര്‍ക്കാരിന്‍റെ സ്വപ്നമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സര്‍ക്കാര്‍ ആവിഷ്കരിച്ച 'വണ്‍ കേരള കരുതല്‍ മിഷന്‍'പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
വനിതാ-ശിശു വികസന, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയും വയോജന ക്ഷേമ വകുപ്പ് സെക്രട്ടറിയുമായ ഡോ. രത്തന്‍ യു. കേല്‍ക്കറും സെഷനില്‍ പങ്കെടുത്തു. 'സാമൂഹിക വികസനവും മാനവ വിഭവശേഷിയും' എന്ന വിഷയത്തിലുള്ള സെഷന്‍ വയോജന ക്ഷേമ വകുപ്പാണ് സംഘടിപ്പിച്ചത്.
ജനസംഖ്യയില്‍ മുതിര്‍ന്ന പൗരന്‍മാരുടെ അനുപാതം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും, ഈ മാറ്റത്തെ സാമൂഹിക വെല്ലുവിളിയായി കാണുന്നതിനൊപ്പം തന്നെ വലിയൊരു സാമ്പത്തിക അവസരമായി കൂടി കണക്കാക്കേണ്ടതുണ്ടെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാരെ കേവലം സാമൂഹികക്ഷേമ വിഭാഗത്തിലോ ഉപഭോക്താക്കളായോ മാത്രം കാണാതെ, അവരുടെ അറിവ്, അനുഭവം, നൈപുണ്യം, സമയം, സാമ്പത്തിക വിഭവങ്ങള്‍ എന്നിവ ഉപയോഗിച്ച് പുതിയ തൊഴില്‍-സംരംഭകത്വ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരായി കാണുക എന്നതാണ് 'സില്‍വര്‍ ഇക്കോണമി' എന്ന ആശയത്തിന്‍റെ കാതല്‍ എന്ന് മന്ത്രി പറഞ്ഞു.
'മുതിര്‍ന്നവര്‍ക്കായി ഒരു 'ടാലന്‍റ് രജിസ്ട്രി' തയ്യാറാക്കിക്കൊണ്ട് അവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തൊഴില്‍ വകുപ്പിന് നിര്‍ണായക പങ്ക് വഹിക്കാനാകും. വിരമിച്ച അധ്യാപകര്‍, സാങ്കേതിക വിദഗ്ധര്‍, അക്കൗണ്ടന്‍റുമാര്‍, കരകൗശല വിദഗ്ധര്‍, മാനേജര്‍മാര്‍, വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍ എന്നിവരുടെ അനുഭവസമ്പത്ത് സമൂഹത്തിന് പ്രയോജനകരമാകും.
മുതിര്‍ന്ന പൗരന്‍മാരെയും തൊഴില്‍ തേടുന്നവരെയും ഒരു വശത്തും, വയോജന പരിചരണം, ഗാര്‍ഹിക സഹായം, കണ്‍സള്‍ട്ടന്‍സി, മെന്‍ററിംഗ്, പാര്‍ട്ട്-ടൈം തൊഴില്‍ തുടങ്ങിയ അവസരങ്ങളെ മറുവശത്തും ഏകോപിപ്പിക്കാന്‍ കഴിയുന്ന ഒരു പ്രത്യേക 'സില്‍വര്‍ ഇക്കോണമി തൊഴില്‍ പ്ലാറ്റ്‌ഫോം' വികസിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും മന്ത്രി വ്യക്തമാക്കി.
'മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അന്തസ്സോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയുന്ന കേരളം കെട്ടിപ്പടുക്കല്‍' എന്ന വിഷയത്തില്‍ നടന്ന മറ്റൊരു സെഷനില്‍ മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ജി. വിജയരാഘവന്‍ നിര്‍ദ്ദേശിച്ചു.
പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് കൃത്യമായ രൂപം നല്‍കുന്നതിനും അവ നടപ്പിലാക്കുന്നതിനുള്ള വ്യക്തമായ വഴികള്‍ ഒരുക്കുന്നതിനുമായി മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍, നിയന്ത്രണ അതോറിറ്റികള്‍, വിജ്ഞാന സ്ഥാപനങ്ങള്‍, വ്യവസായ പ്രമുഖര്‍, ധനസഹായം നല്‍കുന്ന ഏജന്‍സികള്‍, വിവിധ മേഖലകളിലെ പങ്കാളികള്‍ എന്നിവരെ സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന 'റീഇമാജിനിംഗ് കേരളം' പരിപാടി ഒരുമിച്ച് കൊണ്ടുവരുന്നു.
https://www.facebook.com/Malayalivartha



























