സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി കെ.മുരളീധരന്‍

സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരണത്തിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.മുരളീധരന്‍. കടനാട് പഞ്ചായത്തിലെ ആയുഷ് മാന്‍ ആരോഗ്യ മന്ദിര്‍ മെയിന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തും. സാധ്യമായ നിയമനങ്ങള്‍ നടത്താനാണ് ശ്രമിക്കുന്നത്. റോബട്ടിക് ചികിത്സ അടക്കമുള്ളവ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊണ്ടുവരും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെര്‍ച്വല്‍ ഓട്ടോപ്‌സിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ഹെല്‍ത്ത് ഗ്രാന്റില്‍ ഉള്‍പ്പെടുത്തി 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് അനുബന്ധിച്ചുള്ള മെയിന്‍ സെന്ററായ ആയുഷ് മാന്‍ ആരോഗ്യ മന്ദിര്‍ നിര്‍മിച്ചിരിക്കുന്നത്. പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനും ആരോഗ്യപരിപാലന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഈ കേന്ദ്രം സഹായകരമാകും.
ഒപി സേവനങ്ങള്‍, പ്രതിരോധ കുത്തിവയ്പ്, നവജാത ശിശു ആരോഗ്യ സംരക്ഷണം, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ചികിത്സ, സൗജന്യ മരുന്ന്, സൗജന്യ ലാബ് ഡയഗ്‌നോസ്റ്റിക്, കുടുംബാസൂത്രണം, കൗമാരക്കാരുടെ ആരോഗ്യം, വയോജനങ്ങള്‍ക്ക് സാന്ത്വന പരിചരണം,
മാനസിക ആരോഗ്യം, സാംക്രമിക സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധം, ബോധവല്‍ക്കരണ ക്ലാസുകള്‍, ഇ സഞ്ജീവനി, ടെലി കണ്‍സല്‍ട്ടേഷന്‍, വിഷയാധിഷ്ഠിത ക്ലിനിക്, പേഷ്യന്റ് സപ്പോര്‍ട്ട് ഗ്രൂപ്പ്, ക്യാന്‍സര്‍ സ്‌ക്രീനിങ് തുടങ്ങിയ സേവനങ്ങള്‍ ഈ കേന്ദ്രത്തില്‍ ലഭിക്കും.
https://www.facebook.com/Malayalivartha



























