ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..

മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് നാന്ദികുറിച്ച് ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി . കന്നിമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ച പുലർച്ചെ മുതൽ പതിനായിരക്കണക്കിന് ഭക്തരാണ് വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ദർശനപുണ്യം തേടിയെത്തിയത്.
തിരുനാവായയിൽ നിന്നെത്തിച്ച പതിനായിരത്തോളം വരുന്ന താമരപ്പൂക്കൾ കൊരുത്തുണ്ടാക്കിയ മനോഹരമായ മാലകളാൽ ഇരട്ട ശ്രീകോവിലുകൾ അലങ്കരിച്ച കാഴ്ച ഭക്തമനസ്സുകൾക്ക് അവാച്യമായ അനുഭൂതിയായി മാറുകയായിരുന്നു. പ്രഭാതത്തിൽ കലാമണ്ഡലം അച്യുതൻ, ഞെരളത്ത് രാമദാസ്, സിന്ധു ശ്രീകുമാർ എന്നിവർ ചേർന്ന് ഭക്തിസാന്ദ്രമായി അവതരിപ്പിച്ച അഷ്ടപദിയോടെയാണ് നിറമാല ചടങ്ങുകൾക്ക് ഔപചാരികമായ തുടക്കമായത്.
തുടർന്ന് നടന്ന പ്രഭാത ശീവേലി എഴുന്നള്ളിപ്പിന് മേളക്കുലപതി കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ അരങ്ങേറിയ പഞ്ചാരിമേളം കൊട്ടിക്കയറിയത് ഭക്തർക്ക് ആവേശമായി മാറി . പ്രശസ്ത ഗജവീരൻ ചിറക്കൽ കാളിദാസൻ ലക്ഷ്മണന്റെയും, പാമ്പാടി രാജൻ ശ്രീരാമന്റെയും കോലങ്ങൾ ശിരസ്സിലേറ്റി.
പകൽ 12 മണിക്ക് കലാമണ്ഡലം വിനീതയും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ അരങ്ങേറി. ഉച്ചയ്ക്ക് കൊച്ചിൻ ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും സംയുക്തമായി ഏർപ്പെടുത്തിയ വിപുലമായ പ്രസാദ ഊട്ടിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുകയും ചെയ്തു. ഉച്ചയ്ക്ക് 2.30-ന് നടന്ന പ്രൗഢഗംഭീരമായ കാഴ്ചശീവേലിക്ക് കുനിശ്ശേരി അനിയൻമാരാരുടെ പ്രമാണത്തിൽ അണിനിരന്ന പഞ്ചവാദ്യം അകമ്പടിയായി.
വൈകുന്നേരം ക്ഷേത്രത്തിൽ ദീപങ്ങൾ തെളിയിച്ചുള്ള നിറമാല ചടങ്ങും വിശേഷാൽ വിളക്കുവെപ്പും നടന്നു. തുടർന്ന് വിവിധ നൃത്തപരിപാടികൾ, ഏഴു മണിക്ക് ലക്കിടി ഗുരുകൃപ കഥകളി അക്കാദമിയുടെ നേതൃത്വത്തിലുള്ള കഥകളി, താളവിസ്മയം തീർത്ത തായമ്പക, ഇരട്ടത്തായമ്പക എന്നിവയോടെയാണ് ഈ വർഷത്തെ നിറമാല ആഘോഷങ്ങൾക്ക് സമാപനമായി.
"
https://www.facebook.com/Malayalivartha


























