ലിന്‍സന്റെ മോചനം അനന്തമായി നീളുന്നു... പ്രതിയെ കിട്ടാതെ ഒമാന്‍ പോലീസും ആശയക്കുഴപ്പത്തില്‍

കേരളാ പോലീസ് പെരുമ്പാവൂര് നേരിടുന്ന അതേ പ്രശ്‌നമാണ് ഒമാന്‍ പോലീസും നേരിടുന്നത്. ഉത്തരം കിട്ടാതെ ചിക്കുവിന്റെ മരണം നീണ്ടാല്‍ ലിന്‍സന്റെ മോചനം എന്നന്നേക്കുമായി നീളുമോ എന്ന് വീട്ടുകാര്‍ ഭയപ്പെടുന്നു. 18 ദിവസമായി ലിന്‍സണ്‍ കസ്റ്റഡിയിലാണ്.
മലയാളിയായ ചിക്കു കൊല്ലപ്പെട്ട കേസിലെ കുറ്റവാളിയെ ഇനിയും ഒമാന്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമാന്‍ റോയല്‍ പൊലീസ് പലരേയും ചോദ്യം ചെയ്‌തെങ്കിലും ഇതുവരെ യഥാര്‍ഥ കുറ്റവാളിയാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കസ്റ്റഡിയില്‍ എടുത്ത പലരേയും ഒമാന്‍ പൊലീസ് വിട്ടയച്ചെങ്കിലും ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സണ്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. പതിനെട്ട് ദിവസമായി ലിന്‍സണിനെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നതിന്റെ കാരണം ആര്‍ക്കും വ്യക്തമാല്ല.
ലിന്‍സന്‍ സലാലയില്‍ തന്നെ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണെന്ന് സലാലയിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിങ് പറഞ്ഞു. ചിക്കു റോബര്‍ട്ടിന്റെ മൃതേദഹം കൊണ്ടു പോകുന്നതിനോടൊപ്പം നാട്ടിലേക്ക് പോകാന്‍ ലിന്‍സന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പൊലീസ് അനുമതി ലഭിക്കാത്തതിനാല്‍ ലിന്‍സന് പോകാന്‍ സാധിച്ചിരുന്നില്ല. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതാണ് ലിന്‍സന് നാട്ടില്‍ പോകുന്നതിന് തടസ്സമായത്. ഈ മാസം ഒന്നിനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിവയറ്റിലും കുത്തേറ്റ നിലയിലായിരുന്നു ചിക്കുവിന്റെ മൃതദേഹം കണ്ടെത്തിയത്. അതിനാല്‍ മോഷണത്തിന് അപ്പുറമുള്ള കൊലപാതകമായി ഇതിനെ ഒമാന്‍ പൊലീസ് വിലയിരുത്തുന്നു. ഇതാണ് ലിന്‍സണെ വിട്ടയയ്ക്കാത്തതിന് കാരണം.
ഭാര്യയെ രക്ഷിക്കാനുള്ള വെപ്രാളത്തില്‍ ചെയ്ത കാര്യങ്ങളാണ് ലിന്‍സണെ സംശയ നിഴലില്‍ ആക്കിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വിരലടയാളങ്ങള്‍ കൊലപാതകം നടന്ന മുറിയില്‍ പതിഞ്ഞിരുന്നു. ഇതുകൊണ്ട് കൂടിയാണ് ലിന്‍സണെ ഒമാന്‍ പൊലീസ് വിട്ടയയ്ക്കാത്തത്. റായല്‍ ഒമാന്‍ പൊലീസ് ഇന്ത്യന്‍ എംബസിയുമായി മാത്രമേ കൂടുതല്‍ അന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കുകുന്നുള്ളൂ. അതില്‍ ലിന്‍സണെ കുറ്റവിമുക്തനാക്കാനുള്ള സമയമായിട്ടില്ലെന്നാണ് സൂചന. ഇതേ കേസില്‍ കസ്റ്റഡിയിലായിരുന്ന പാക്കിസ്ഥാനിയെ ഒമാന്‍ പൊലീസ് വിട്ടയച്ചിരുന്നു. എന്നാല്‍ ലിന്‍സണിന്റെ കാര്യത്തില്‍ മാത്രം കടുംപിടിത്തം തുടരുകയാണ്. ഇത് ബന്ധുക്കളേയും ആശങ്കയിലാക്കുകയാണ്. പതിനെട്ട് ദിവസമായി ഒമാന്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് ലിന്‍സണ്‍. ഇത് ഒമാനിലെ പ്രവാസികളില്‍ ആശങ്ക സജീവമാക്കിയിട്ടുണ്ട്. നയതന്ത്രനീക്കവും ഫലം കാണാത്തതാണ് ഇതിന് കാരണം.
ചിക്കുവിന്റെ ദേഹത്തുണ്ടായിരുന്ന 12 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. കാതുകള്‍ അറുത്തെടുത്ത നിലയിലാണ് കാണപ്പെട്ടത്. ദേഹമാസകലം കുത്തേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. കൊലയാളിയുടെ കുത്ത് തടുത്തതുപോലെയുള്ള പാടുകള്‍ ഇരുകൈകളിലുമുണ്ട്. കിടപ്പുമുറിയുടെ ജനല്‍ തുറന്നുകിടക്കുകയായിരുന്നു. മുറിക്കുള്ളില്‍ കടക്കാവുന്ന വിധത്തില്‍ വിസ്താരമുള്ള ജനലുകളാണ്. പരിശോധനയ്‌ക്കെത്തിയ നായ ജനലിന് ഉള്ളിലൂടെ പുറത്തേക്കു ചാടി സമീപത്തെ മതില്‍ വരെ ഓടി. ചിക്കു ഉപയോഗിച്ചിരുന്ന താക്കോല്‍ കിടപ്പുമുറിയില്‍ നിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകത്തിനു ശേഷം അക്രമി ചിക്കു കിടന്ന മുറിയുടെ വാതിലും വീടും പുറത്തുനിന്നും പൂട്ടിയിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഭര്‍ത്താവ് ലിന്‍സണ്‍ വന്നപോള്‍ അടച്ചു പൂട്ടിയ മുറിയാണ് കണ്ടത്. കഴിഞ്ഞ 20 നാണ് കറുകുറ്റി തെക്കേല്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു (27) നെ താമസസ്ഥലത്തുകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതായാണ് വിവരം. ദിവസങ്ങള്‍ക്ക് മുമ്പ് ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചത്. സംസ്‌കാരവും നടന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha