കത്തിക്കയറി മോഡി... ഹെലികോപ്റ്റര്‍ ഇടപാടില്‍ എത്ര കമ്മീഷന്‍ വാങ്ങിയെന്ന് അഴിമതി നടത്തിയവര്‍ പറയണം; ഇറ്റലിയില്‍ നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ബന്ധുക്കളുണ്ടോ, ആരെങ്കിലും പോയിട്ടുണ്ടോ?

ശ്രീപത്മനാഭന്റെ മണ്ണായ അനന്തപുരിയിലെ സഹോദരി സഹോദരന്മാര്‍ക്കു നമസ്‌കാരം... എന്നു മലയാളത്തില്‍ പറഞ്ഞാണു പ്രധാനമന്ത്രി തലസ്ഥാനനഗരിയിലെ പ്രസംഗം ആരംഭിച്ചത്. കമ്യൂണിസ്റ്റു പാര്‍ട്ടിക്കു ശക്തമായ വേരോട്ടമുള്ള പേരാവൂരില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നു ഭക്ഷണം കഴിക്കുന്ന ദളിത് ബാലന്റെ ചിത്രം മനസില്‍ നിന്നു മായുന്നില്ലെന്നു പറഞ്ഞ് ഇടതുപക്ഷത്തെ ആക്രമിച്ചാണു മോദി രാഷ്ട്രീയകാര്യങ്ങളിലേക്കു കടന്നത്.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി ആരോപണം ഉന്നയിച്ചു. ഹെലികോപ്റ്റര്‍ ഇടപാടില്‍ എത്ര കമ്മീഷന്‍ വാങ്ങിയെന്ന് അഴിമതി നടത്തിയവര്‍ പറയണം. ഇറ്റലിയില്‍ നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ബന്ധുക്കളുണ്ടോ, ആരെങ്കിലും പോയിട്ടുണ്ടോ എന്ന് ചോദിച്ച മോദി ഇറ്റലിയില്‍ ആര്‍ക്കാണ് പരിചയമുള്ളതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സോണിയയെ ലക്ഷ്യമിട്ട് പറഞ്ഞു. അഴിമതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആരുടെയും പേര് പറഞ്ഞില്ല. ഇറ്റലിയിലെ കോടതിയാണ് പേരു പറഞ്ഞത്. കോഴ കൊടുത്തവര്‍ അകത്തായി, വാങ്ങിയവര്‍ എപ്പോള്‍ അകത്താകുമെന്നതാണ് ഇനിയുള്ള ചോദ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നു മാത്രം പറഞ്ഞു നിന്നിടത്തു തന്നെ തുടരുന്ന കേരളം എങ്ങനെ മുന്നോട്ടു പോകും. ദേശീയ നിരക്കിനേക്കാള്‍ മൂന്നുമടങ്ങാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ. കേരളത്തിലെ ജനങ്ങളുടെ മേല്‍ ഒരുലക്ഷം കോടി രൂപയുടെ കടമുണ്ടെന്നും മോദി പറഞ്ഞു.
മാറി മാറി ഭരിക്കുന്ന രാഷ്ട്രീയമാണ് ഇവിടെയുള്ളത്. ഇതിനായി കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളിക്കുകയാണ്. അഞ്ച് കൊല്ലം ഞങ്ങള്‍ അഞ്ച് കൊല്ലം നിങ്ങള്‍ എന്നിങ്ങനെയാണ് കോണ്‍ഗ്രസും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത്. ഇതിന് അറുതി വരുത്തിയാല്‍ മാത്രമേ കേരളത്തിന് വികസനത്തില്‍ മുന്നോട്ട് പോകാന്‍ കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു പ്രധാനമന്ത്രി. കൂത്തുപറമ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഇരുകാലുകളും വെട്ടിമാറ്റിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം. സാദാന്ദന്‍ മാസ്റ്ററുടെ കാലുകള്‍ വെട്ടിയെടുത്തത് ആരും കാണുന്നില്ലേ. ഡല്‍ഹിയില്‍ കണ്ണടച്ചിരിക്കുകയാണ് മാദ്ധ്യമങ്ങള്‍. കൊലപാതകക്കേസിലെ പ്രതിയാണ് മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുക്കുന്നത്. ഇതിനെ തോല്‍പ്പിച്ചേ മതിയാകൂവെന്നും മോദി ആവശ്യപ്പെട്ടു.
ബംഗാളിലെ സിപിഐ(എം)കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ ചൂണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. കേരളത്തിലും പശ്ചിമബംഗാളിലും രണ്ട് സ്വരത്തില്‍ സംസാരിക്കുന്നവരെ വിശ്വസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ കേരളത്തില്‍ സംസാരിക്കുന്ന കമ്യൂണിസ്റ്റുകാര്‍ പശ്ചിമബംഗാളില്‍പോയി കോണ്‍ഗ്രസിന് വോട്ടുചെയ്യാന്‍ ആവശ്യപ്പെടുന്നു. അതുപോലെതന്നെ കമ്മ്യൂണിസ്റ്റുകാര്‍ അക്രമികളും കൊലപാതകികളുമാണെന്ന് കേരളത്തില്‍ പ്രസംഗിക്കുന്ന കോണ്‍ഗ്രസുകാര്‍ പശ്ചിമബംഗാളില്‍ പോയി സംസ്ഥാനത്തെ രക്ഷിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമെ കഴിയൂവെന്ന് പറയുന്നു. ഇത്തരം അവസരവാദ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം. ഒത്തുകളിയുടെയും വിട്ടുവീഴ്ചയുടെയും അഴിമതിയുടെയും രാഷ്ട്രീയമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അഞ്ച് വര്‍ഷംവീതം ഭരണം പങ്കിടുന്നതിനുള്ള ഒത്തുകളിയാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമാണ്.കേരളത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പറയും കോണ്‍ഗ്രസ് അഴിമതിക്കാരാണെന്ന്. ഇതേ നേതാക്കള്‍ ബംഗാളില്‍ പോയിട്ട് പറയും കോണ്‍ഗ്രസിന്റെ അത്ര മികച്ച വേറെ പാര്‍ട്ടിയില്ലെന്നും. ഇവരെ സ്വീകരിക്കണോ വേണ്ടയോ എന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടേമോദി പറഞ്ഞു. മലയാളത്തിലാണ് മോദി പ്രസംഗിച്ചു തുടങ്ങിയത്. ഇതു അണികളുടെ ആവേശം ഇരട്ടിയാക്കി. പ്രസംഗം അവസാനിപ്പിച്ചതും മലായളത്തിലായിരുന്നു.
പെരുമ്പാവൂരിലെ ജിഷയുടെ മരണവും പ്രധാനമന്ത്രി വിഷയമാക്കി. സര്‍ക്കാരിന്റെ വീഴ്ചയാണ് ഇതിന് കാരണമെന്ന് പറഞ്ഞു. ശബരിമലയില്‍ 100 പേരുടെ മരണത്തിനിടയായപ്പോള്‍ കേന്ദ്രമന്ത്രിമാര്‍ ആരും തിരിഞ്ഞു നോക്കിയില്ല. എന്നാല്‍ കൊല്ലത്ത് പുറ്റിങ്ങലില്‍ ദുരന്തമുണ്ടായപ്പോള്‍ മണിക്കൂറുകള്‍ക്കകം തന്നെ പ്രധാനമന്ത്രി നേരിട്ടെത്തി. എല്ലാ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കി. അതാണ് കേരളത്തോട് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ സമീപനം. വിവിധ കേന്ദ്ര പദ്ധതികള്‍ ഉയര്‍ത്തികാട്ടിയ പ്രധാനമന്ത്രി കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരമുണ്ടാകുമെന്നും വ്യക്തമാക്കി. യമനിലും ലിബിയയിലും അകപ്പെട്ട മലയാളി നഴ്‌സുമാരെ തിരികെ രാജ്യത്തേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി മോദി പറഞ്ഞു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചും മോദി തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു.
കോണ്‍ഗ്രസിന്റെ സ്വഭാവം അഴിമതിയും കമ്മ്യൂണിസ്റ്റുകാരുടെ സ്വഭാവം അക്രമവുമാണെന്ന് കുട്ടനാട്ടിലും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അടിസ്ഥാന പ്രശ്‌നമായ കുടിവെള്ള പ്രശ്‌നം ഉയര്‍ത്തിയായിരുന്നു മോദിയുടെ കുട്ടനാട്ടിലെ പ്രസംഗം. 70 വര്‍ഷമായി കുടിവെള്ളം പോലും നല്‍കാത്ത ഇരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടു ചെയ്യണോ എന്ന് ജനങ്ങള്‍ ആലോചിക്കണം.
യുപിഎ ഭരിച്ച കാലത്തുണ്ടായ ടുജി അഴിമതിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയ മോദി കേരളത്തിലെ സോളാര്‍ അഴിമതിയെയും പരാമര്‍ശിച്ചു. അഴിമതിക്കാര്‍ക്ക് വിടനല്‍കാനുള്ള തിരഞ്ഞെടുപ്പാണിത്. കേരളത്തിന്റെ സുഖവും ദുഃഖവും തന്റേതാണ്. രണ്ട് എംപിമാരെ കേരളത്തിനു നല്‍കിയത് അതിനാലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പ് ഡല്‍ഹിയെന്നാല്‍ അഴിമതി നിറഞ്ഞതായിരുന്നു. എന്നാല്‍ തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഇതുവരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ സാധിച്ചിട്ടില്ല. എല്ലാവരുടെയും വികസനമാണ് നമ്മുടെ ലക്ഷ്യം. മലയാളത്തില്‍ എന്‍ഡിഎക്ക് വോട്ടഭ്യര്‍ഥിച്ചാണ് കുട്ടനാട്ടെ പ്രസംഗം മോദി അവസാനിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha