ജിഷ വധം: സഹോദരി ദീപ പോലീസ് കസ്റ്റഡിയില്‍

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷ വധക്കേസില്‍ പോലീസിന്റെ സംശയം സഹോദരി ദീപയിലേക്ക് നീളുന്നു. കഴിഞ്ഞ മൂന്നു ദിവസമായി പോലീസ് ചോദ്യം ചെയ്തുവരുന്ന ദീപയെ ഇന്നു കസ്റ്റഡിയില്‍ എടുത്തു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ അമ്മ രാജേശ്വരിയോടൊപ്പം കഴിഞ്ഞിരുന്ന ദീപയെ ഇന്നു രാവിലെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കുറുപ്പംപടി സ്‌റ്റേഷനില്‍ എത്തിച്ച് ദീപയെ വിശദമായി ചോദ്യം ചെയ്യുകയാണ്. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ജിജിമോന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
പോലീസിനും വനിതാ കമ്മിഷനും ദീപ നല്‍കിയ മൊഴിയും മാധ്യമങ്ങളോട് പറഞ്ഞതും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം, അന്വേഷണം വഴിതെറ്റിക്കാനാണ് പോലീസ് തന്നെ കുറ്റക്കാരിയാക്കാന്‍ ശ്രമിക്കുന്നതെന്ന് ദീപ ഇന്നലെ പറഞ്ഞിരുന്നു. തനിക്ക് ഇതര സംസ്ഥാന തൊഴിലാളിയായ സുഹൃത്തില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ദീപ ആരെയോ ഭയക്കുന്നതായും എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നതായും അവരുടെ പെരുമാറ്റത്തില്‍ നിന്ന് പോലീസിന് സംശയം ജനിച്ചിരുന്നു. ജിഷയുടെ മൃതദേഹം തിരക്കിട്ട് ദഹിപ്പിക്കുന്നതിന് ദീപയുടെ അനുമതിയും ഉണ്ടായിരുന്നു.
എന്നാല്‍ കുടുംബവുമായി ബന്ധമുള്ള, കുടുംബത്തെ അടുത്തറിയാവുന്ന ആരോ ആണ് കൊലപാതകം നടത്തിയതെന്ന ഉറച്ച വിശ്വാസത്തിലാണ് പോലീസ്. ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ കൊല്ലപ്പെട്ട ദിവസം ജിഷ കഴിച്ചിരുന്നത് വീട്ടിലുണ്ടാക്കിയ ഭക്ഷണമല്ലെന്ന് ബോധ്യപ്പെട്ടിരുന്നു. അന്നേ ദിവസം രാവിലെ മാത്രമാണ് അവരുടെ വീട്ടില്‍ ഭക്ഷണം വച്ചിരുന്നത്. എന്നാല്‍ അതിന്റെ അവശിഷ്ടമല്ല വയറ്റില്‍ ഉണ്ടായിരുന്നത്. പുറത്തുനിന്ന് ഭക്ഷണം വാങ്ങിയതിന്റെ അവശിഷ്ടങ്ങളൊന്നും വീടിന്റെ പരിസരത്തുനിന്നും ലഭിച്ചിട്ടുമില്ല. ജിഷയ്ക്ക് പരിചയമുള്ള ആരോ പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവന്നിരുന്നുവെന്നും അതു കഴിഞ്ഞ ശേഷമാണ് കൊലപാതകം നടന്നിരിക്കുന്നതെന്നും ഇതോടെ ബോധ്യപ്പെട്ടു. കൊലയ്ക്കു ശേഷം ഭക്ഷണത്തിന്റെ അവശിഷ്ടമടക്കമുള്ള തെളിവുകളുമായാണ് കൊലയാളി രക്ഷപ്പെട്ടിരിക്കുന്നത്.
ജിഷയുടെ കൊലയുമായി ബന്ധപ്പെട്ട് 'ഭായി' എന്നുവിളിക്കുന്ന ഒരാളിലേക്കും അന്വേഷണം നീളുന്നുണ്ട്. മലയാളം സംസാരിക്കുന്ന ബംഗാള്‍ സ്വദേശിയാണ് ഭായി. ഇയാളും മറ്റൊരാളും ജിഷയും അമ്മയുമായി വഴക്കുണ്ടാക്കിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു. വീടു നിര്‍മാണവുമായി ബന്ധപ്പെട്ട കൂലിത്തര്‍ക്കമാണ് വഴക്കിന് കാരണം. വിഷുവിന് മുന്‍പാണ് തര്‍ക്കമുണ്ടായത്. ഇക്കാര്യം ദീപയും പോലീസിനെ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha