മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ അടൂര്‍ പ്രകാശിനെ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായി പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ മാത്രം ചര്‍ച്ച ചെയ്യുക. അല്ലാതെ പാര്‍ട്ടി കാര്യങ്ങള്‍ പുറത്തുപറയരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെസി വേണുഗോപാലിന്റെ വാക്കുകള്‍
'കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. അഭിപ്രായ വ്യത്യാസമുള്ളവര്‍ക്ക് അത് പറയാന്‍ പാര്‍ട്ടിയില്‍ വേദികളുണ്ട്. അതിന് അവസരം ലഭിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ മറ്റുമാര്‍ഗങ്ങളുണ്ട്. അത് ഉപയോഗപ്പെടുത്തണം. ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായങ്ങളെ എന്റെ പേരിനൊപ്പം കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് വേണ്ട.
കഴിഞ്ഞ നാലുമാസമായി ഞാന്‍ സര്‍ക്കാരിനെതിരായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നിന്നിട്ടില്ല. അത് എല്ലാവര്‍ക്കും അറിയാം. രാജ്യത്തെ നിലവിലെ ജനാധിപത്യ വിരുദ്ധ സിസ്റ്റം മാറ്റി പുതിയൊരു ജനാധിപത്യ സര്‍ക്കാര്‍ കൊണ്ടുവരിക എന്ന ഒറ്റ ചിന്ത മാത്രമേ ഇപ്പോള്‍ എന്റെ മനസില്‍ ഉള്ളൂ. അതിനായി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായ ഒരാളാണ് ഞാന്‍.'
പാര്‍ട്ടിക്കുള്ളിലെ കൊച്ചു കൊച്ചു അഭിപ്രായ വ്യത്യാസങ്ങളെല്ലാം നേതാക്കള്‍ ഒരുമിച്ചിരുന്ന് സംസാരിച്ചും ചര്‍ച്ച ചെയ്തും പരിഹരിക്കുമെന്നും അതില്‍ ആര്‍ക്കും ആശങ്കവേണ്ടന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ നോക്കുന്ന സര്‍ക്കാരാണിതെന്നും ആ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























