ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...

സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രണയക്കെണികളിൽ വീണ്ടും ഒരു യുവതിക്ക് കൂടി ലക്ഷങ്ങൾ നഷ്ടമായിരിക്കുന്നു. ഇത്തവണ ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥനെന്ന് വ്യാജേന ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്തിയ മുപ്പത്തിരണ്ടുകാരനാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. നെയ്യാറ്റിൻകര ഊരൂട്ടുകാല സ്വദേശിയായ ശ്രീജിത്ത് എന്ന അമൽ ശിവകുമാറിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. സൈനിക യൂണിഫോമിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് ഇയാൾ വിഴിഞ്ഞം സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിലാകുന്നത്.
തുടർന്ന് വാട്സാപ്പ് വഴി നിരന്തരം സംസാരിച്ച് വിശ്വാസ്യത നേടിയെടുക്കുകയും വിവാഹവാഗ്ദാനം നൽകുകയുമായിരുന്നു. വിശ്വാസം നേടിയെടുത്ത ശേഷം പല ആവശ്യങ്ങൾ പറഞ്ഞാണ് ഇയാൾ യുവതിയിൽ നിന്ന് ഘട്ടംഘട്ടമായി മൂന്ന് ലക്ഷത്തി തൊണ്ണൂറ്റിമൂവായിരം രൂപ ബാങ്ക് അക്കൗണ്ട് വഴി തട്ടിയെടുത്തത്. ഇതിനുപുറമേ നിർബന്ധിച്ച് യുവതിയുടെ നഗ്നചിത്രങ്ങളും ഇയാൾ കൈക്കലാക്കിയിരുന്നു. എന്നാൽ സമാനമായ രീതിയിൽ ഇയാൾ മുൻപും മറ്റ് പല യുവതികളെയും ചതിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
ഇത്തരത്തിൽ ഒരു തട്ടിപ്പിനിരയായ മറ്റൊരു യുവതി മുൻപ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പത്തനംതിട്ട കൂടൽ പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ നിലവിൽ കേസുണ്ട്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം സി.ഐ കെ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. വഞ്ചനാക്കുറ്റത്തിനും സ്ത്രീകളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയതിനുമാണ് പ്രതിക്കെതിരെ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha



























