ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ

സ്ത്രീകൾക്കും പെൺകുട്ടികൾക്കും യാത്രാവേളകളിലും പൊതുസ്ഥലങ്ങളിലും ആവശ്യമായ സമയത്ത് സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്നതിനായി വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ‘WOMN – Women On the Move & Menstrual Needs’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ വനിതാ-ശിശു വികസന, തൊഴിൽ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു. വാർഡ് കൗൺസിലർ ആർ. ഹരികുമാർ, കെഎസ്ആർടിസി സി.എം.ഡി പ്രമോജ് ശങ്കർ, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ വി വിഘ്‌നേശ്വരി ഉൾപ്പടെ ഉള്ളവർ പങ്കെടുത്തു.
സ്ത്രീകളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട പ്രധാന ആവശ്യത്തിനാണ് WOMN പദ്ധതിയിലൂടെ പരിഹാരം ഒരുക്കുന്നതെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ആർത്തവ ശുചിത്വം സ്ത്രീകളുടെ ആരോഗ്യത്തിന്റെയും അന്തസ്സിന്റെയും ഭാഗമാണ്.
യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകുന്നത് അടിസ്ഥാന സൗകര്യത്തിന്റെ ഭാഗമായാണ് കാണേണ്ടത്. അതിനൊപ്പം ഉപയോഗിച്ച നാപ്കിനുകൾ പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിനുള്ള സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























