ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്
_വിചാരണ നവംബർ അഞ്ചിന് തുടങ്ങും_
യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ വിചാരണ നവംബർ 5 ന് തുടങ്ങും. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് ജഡ്ജ് അനിറ്റ് ജോസഫ് ആണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതികൾക്കെതിരെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചിരുന്നു.
പൂവാർ മണ്ണാംവിളാകം മാഹിൻ മൻസിലിൽ മനു എന്നറിയപ്പെടുന്ന മാഹിൻകണ്ണ് (45), ഭാര്യ റുഖിയ (38) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. മാറനല്ലൂർ വില്ലേജിലെ വെള്ളൂർകോണം അംബിക വിലാസത്തിൽ താമസിച്ചിരുന്ന ദിവ്യ (23) യും, രണ്ടര വയസ്സുള്ള മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. 2011 ഓഗസ്റ്റ് 18-നാണ് കേസിനാസ്പദമായ സംഭവം.
പ്രോസിക്യൂഷൻ കേസനുസരിച്ച്, മാഹിൻകണ്ണുമായി പ്രണയത്തിലായ ദിവ്യ ഊരുട്ടമ്പലത്തെ വാടകവീട്ടിൽ ഇയാളോടൊപ്പം താമസിച്ചിരുന്നു. ദിവ്യ ഗർഭിണിയായതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ മാഹിൻകണ്ണ് വിദേശത്തേക്ക് പോവുകയായിരുന്നു. പിന്നീട് പ്രസവശേഷം നാട്ടിലെത്തിയ ഇയാളെ ദിവ്യയുടെ ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുവന്നു. ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് മാഹിൻകണ്ണ് നേരത്തേ വിവാഹിതനാണെന്ന വിവരം ദിവ്യ അറിയുന്നത്. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നു. മാഹിൻകണ്ണുമായുള്ള ബന്ധത്തിലാണ് ഗൗരി ജനിച്ചത്.
സംഭവദിവസം താനും കുഞ്ഞും മാഹിൻകണ്ണിനോടൊപ്പം പോകുകയാണെന്ന് ദിവ്യ, അമ്മ രാധയെയും, സഹോദരി ശരണ്യയേയും അറിയിച്ചിരുന്നു. തുടർന്ന് ഇരുവരെയും കാണാതായി. വീട്ടുകാരുടെ പരാതിയെ തുടർന്ന് ആദ്യം പുവ്വാർ പോലീസും തുടർന്ന് മാറനല്ലൂർ പൊലീസും അന്വേഷണം ആരംഭിച്ചു. ദിവ്യ വേളാങ്കണ്ണിയിലുണ്ടെന്നും അവരെ കൂട്ടിക്കൊണ്ടുവരാമെന്നും പോലീസിനോട് പറഞ്ഞ മാഹിൻകണ്ണ് പിന്നീട് വിദേശത്തേക്ക് കടന്നു.
പ്രോസിക്യൂഷൻ കേസ് പ്രകാരം, ഊരുട്ടമ്പലത്ത് നിന്ന് ഓട്ടോറിക്ഷയിൽ ബാലരാമപുരം, വഴിമുക്ക്, ഉദിയൻകുളങ്ങര വഴി തമിഴ്നാട്ടിലെ വിളവൻകോട് ആളില്ലാതുറയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ ഇടപ്പാട് കടൽത്തീരത്ത് എത്തിച്ച ശേഷം ദിവ്യയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് മാഹിൻകണ്ണ് കൊലപ്പെടുത്തുകയായിരുന്നു. ദിവ്യയുടെയും ഗൗരിയുടെയും മൃതദേഹങ്ങൾ രണ്ട് ദിവസത്തിന് ശേഷം തമിഴ്നാട്ടിലെ തേങ്ങാപട്ടണം, കുളച്ചൽ തീരങ്ങളിൽ നിന്ന് തമിഴ്നാട് പൊലീസ് കണ്ടെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിരുന്നു. അജ്ഞാത മൃതദേഹങ്ങളുടെ ചിത്രങ്ങൾ പിന്നീട് ദിവ്യയുടെ സഹോദരി ശരണ്യയ്ക്ക് കാണിച്ചപ്പോൾ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
കേസിൽ 109 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കും.104 രേഖകളും, 6 ലക്ഷ്യംവകകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. സലാഹുദീൻ ഹാജരാകും.
തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ, അന്നത്തെ റൂറൽ എസ്.പി. ശിൽപ ദേവയ്യ, എ.എസ്.പി. എം.കെ. സുൽഫിക്കർ, ഡി.വൈ.എസ്.പി. ജോൺസൺ കെ.ജെ. എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കേസ്സിലെ പ്രധാന അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡി.വൈ.എസ്.പി. ജോൺസൺ. കെ.ജെ. ഈ അടുത്ത കാലത്ത് മരണപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























